പാകിസ്ഥാന് നേരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങ്. തീവ്രവാദികളെ സഹായിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ ദക്ഷിണേഷ്യയിലെ സുരക്ഷാസ്ഥിതി വളരെയധികം മെച്ചപ്പെടുമെന്ന് വ്യാഴാഴ്ച രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു സെമിനാറില്‍ സംസാരിക്കവേ രാജ്നാഥ് സിങ്ങ് പറഞ്ഞു.
രാജ്യത്തെ മുഖ്യധാരയുമായി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് പൂര്‍ണ്ണമായും ഏകീകരണം സാധ്യമായതാണ് ഭീകര സംഘടന ഐ.എസ്.ഐ.എസിന് അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് സിങ്ങ് പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യസ്നേഹികളാണെന്നും മൗലികവാദ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വശപ്പെടുന്നവരല്ലെന്നും സിങ്ങ് വിശേഷിപ്പിച്ചു.
ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉറവിടം അതിര്‍ത്തിക്കപ്പുറത്താണെന്ന്‍ സിങ്ങ് ആരോപിച്ചു. തീവ്രവാദത്തിന് സ്വയം വലിയ വില കൊടുക്കേണ്ടി വന്നിട്ടും പാകിസ്ഥാനും പങ്കാളികളും നല്ല തീവ്രവാദികള്‍, മോശം തീവ്രവാദികള്‍ എന്നിങ്ങനെ തരം തിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ദയനീയമായി പരാജയപ്പെട്ടതായും പാക് ചാര സംഘടന ഐ.എസ്.ഐയും പാക് സൈന്യവും ഏതാനും തീവ്രവാദ സംഘങ്ങളെ സഹായിക്കുന്നത് നിര്‍ത്തിയാല്‍ ദക്ഷിണേഷ്യയിലെ സുരക്ഷാസ്ഥിതി മെച്ചപ്പെടുമെന്ന് പറയാന്‍ തനിക്ക് മടിയില്ലെന്ന് സിങ്ങ് വ്യക്തമാക്കി.