കേരളാ തീരത്ത് കടലില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവിക സൈനികരെ തിരികെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വ്യാഴാഴ്ച യൂറോപ്യന്‍ പാര്‍ലിമെന്റ് പാസാക്കി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യ പ്രതികരിച്ചു.
പ്രതികളില്‍ ചികിത്സാര്‍ത്ഥം ഇറ്റലിയില്‍ കഴിയുന്ന മാസിമിലിയാണോ ലതോരെയ്ക്ക് മൂന്ന്‍ മാസം കൂടി സ്വദേശത്ത് കഴിയാന്‍ ബുധനാഴ്ച സുപ്രീം കോടതി അനുമതി നല്‍കിയ കാര്യം ഇന്ത്യ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതി സാല്‍വത്തോരെ ജിരോണ്‍ കോടതി നിര്‍ദ്ദേശപ്രകാരം ന്യൂഡല്‍ഹിയില്‍ ഇറ്റലിയുടെ സ്ഥാനപതി കാര്യാലയത്തിലാണ് കഴിയുന്നത്.
സൈനികരെ ഇറ്റലിയിലോ അന്താരാഷ്ട്ര തലത്തിലോ വിചാരണ ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. മത്സ്യബന്ധന തൊഴിലാളികളുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിയ പ്രമേയം എന്നാല്‍, കുറ്റം ചാര്‍ത്താതെ സൈനികരെ തടവില്‍ വെക്കുന്നത് ഗൗരവമേറിയ മനുഷ്യാവാകാശ ലംഘനമാണെന്ന് പറഞ്ഞു.
2012 ഫെബ്രുവരി 15-ന് നടന്ന സംഭവം അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) ചുമതലപ്പെടുത്തിയ തീരുമാനത്തെ ഇറ്റലി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‍ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയ്ക്ക് പുറത്താണെന്നും അതുകൊണ്ട് ഇന്ത്യയിലെ കോടതികള്‍ക്ക് കേസ് വിചാരണ ചെയ്യാന്‍ അധികാരമില്ലെന്നും ഇറ്റലി വാദിക്കുന്നു.