ബാബറി മസ്ജിദ് തകര്‍ത്തതുമായ ബന്ധപ്പെട്ട കേസുകളില്‍ വിചാരണ 25 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് നീതിയെ മറികടക്കലെന്ന്‍ സുപ്രീം കോടതി. കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണകള്‍ ഒരുമിച്ചാക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.
മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, എം.എം ജോഷി എന്നിവര്‍ക്കെതിരെ റായി ബറേലി കോടതിയില്‍ നടക്കുന്ന കേസ് ലക്നോവില്‍ ഗൂഡാലോചന കേസ് വിചാരണ ചെയ്യുന്ന സി.ബി.ഐ കോടതിയിലേക്ക് മാറ്റുമെന്ന് കോടതി പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ ഗൂഡാലോചന കേസ് പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്കിയ അപ്പീലിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. അപ്പീലില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെച്ചു.
റായി ബറേലിയില്‍ ഇതുവരെ 57 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. മറ്റ് 105 പേരെ ഇനിയും വിസ്തരിക്കാനുണ്ട്. ലക്നോ കോടതി 195 സാക്ഷികളുടെ മൊഴിയെടുത്തെങ്കിലും 800 പേരെ ഇനിയും വിസ്തരിക്കണം. ദൈനംദിന അടിസ്ഥാനത്തില്‍ വിചാരണ നടത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കണമെന്നാണ് തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളതെന്ന് കോടതി പറഞ്ഞു.