Skip to main content

തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ജഡ്ജിമാര്‍ ആശങ്കപ്പെടുന്നത് യദൃച്ഛയാ കേട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കേജ്രിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

 

ആശങ്കപ്പെടുന്നത് പോലെ ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള ആക്രമണമാണെന്ന് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍, ജഡ്ജിമാര്‍ സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണെന്ന ആരോപണം രവി ശങ്കര്‍ പ്രസാദ് നിഷേധിച്ചു.

 

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് കേജ്രിവാളിന്റെ ആരോപണം. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നിയമം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തള്ളിയ ശേഷം ഹൈക്കോടതികളിലേക്ക് നിയമിക്കാന്‍ സുപ്രീം കോടതി നല്‍കിയ പേരുകളില്‍ കേന്ദ്രം കഴിഞ്ഞ ഒന്‍പത് മാസമായി നടപടിയൊന്നും എടുത്തിട്ടില്ല. ഇത് പരാമര്‍ശിച്ച കേജ്രിവാള്‍ സുപ്രീം കോടതി കൊളെജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം കൈകടത്തരുതെന്ന് ആവശ്യപ്പെട്ടു.