പരമോന്നത കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ക്ക് വിലകല്‍പിക്കാതിരുന്ന കര്‍ണാടകം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി. എന്ത് പ്രശ്നം നേരിട്ടാലും തമിഴ്നാടിന് വെള്ളം നൽകണമെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വീണ്ടും നിർദ്ദേശിച്ചു.
കാവേരി നദീജല തര്‍ക്കത്തില്‍ ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും തമിഴ്നാടിന് നിശ്ചിത അളവ് വെള്ളം വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പാക്കാൻ കർണ്ണാടകം വിസമ്മതിക്കുകയാണ്.
ഒക്‌ടോബര്‍ ഒന്നു മുതല്‍ ആറു വരെ 6000 കുസെക്സ് വെള്ളം തമിഴ്‌നാടിന് നല്‍കാനാണ് കോടതി ഇന്ന് വീണ്ടും ഉത്തരവിട്ടത്.
തര്‍ക്കത്തില്‍ കോടതി നിർദ്ദേശാനുസരണം രണ്ട് സംസ്ഥാനങ്ങളും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.