കശ്മീരിലെ തീവ്രവാദ സംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന്‍ താഴ്വര സംഘര്‍ഷഭരിതമായി. കഴിഞ്ഞ ദിവസമാണ് സുരക്ഷാ സൈനികര്‍ 21-കാരനായ വാനിയേയും രണ്ട് കൂട്ടാളികളേയും വധിച്ചത്. ഇവരുടെ സംസ്കാര കര്‍മ്മങ്ങള്‍ നടക്കുന്ന ശനിയാഴ്ച താഴ്വരയുടെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന യാത്രയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
വാനിയുടെ സ്വദേശമായ പുല്‍വാമയില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. വാനിയെ വധിച്ച വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവന്നതു മുതല്‍ താഴ്വരയില്‍ പ്രതിഷേധം രൂക്ഷമാണ്. പോലീസിന് നേരെ പലയിടങ്ങളിലും കല്ലെറിഞ്ഞ പ്രക്ഷോഭകാരികള്‍ ശ്രീനഗര്‍ അനന്ത്‌നാഗ് ദേശീയപാത ഉപരോധിക്കാനും ശ്രമിച്ചു.
ശ്രീനഗര്‍ ജമ്മു മേഖലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയും റെയില്‍ പാതയും ശനിയാഴ്ച അധികൃതര്‍ അടച്ചു. പുല്‍വാമ ജില്ലയും അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍ഗാം, സോപോര്‍ പട്ടണങ്ങളും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ശ്രീനഗറിലെ ഏഴു പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നിരോധനാജ്ഞ. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്.
സമൂഹ മാദ്ധ്യമങ്ങളിലെ വിഡിയോകളിലൂടെ കശ്മീര്‍ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി നേടിയ വാനി കശ്മീരിലെ തീവ്രവാദത്തിന്റെ പുതിയ മുഖമായി ഉയരുകയായിരുന്നു. തീവ്രവാദ സംഘടനകളില്‍ വിദേശികളേക്കാള്‍ കശ്മീര്‍ സ്വദേശികളുടെ എണ്ണം ആദ്യമായി മുന്നിലെത്തിയതില്‍ വാനിയുടെ സ്വാധീനം വലുതാണെന്ന് കരുതപ്പെടുന്നു.