പ്രസിദ്ധ യുക്തിവാദിയായിരുന്ന ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു ജനജാഗൃതി സമിതി എന്ന സംഘടനയിലെ അംഗമായ വീരേന്ദ്ര തവ്ഡെയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മൂന്ന്‍ വര്‍ഷം മുന്‍പാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ധബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. ധബോല്‍ക്കറെ പോലെ തന്നെ ഡോക്ടര്‍ ആണ് അറസ്റ്റിലായ തവ്ഡെയും.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സംസ്ഥ എന്ന തീവ്ര ഹിന്ദു സംഘടനയുമായി ഹിന്ദു ജനജാഗൃതി സമിതിയ്ക്ക് ബന്ധമുണ്ടെന്ന് സി.ബി.ഐ പറയുന്നു. മഹാരാഷ്ട്രയില്‍ തന്നെ യുക്തിവാദിയും സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സനാതന്‍ സംസ്ഥയാണെന്ന് കരുതപ്പെടുന്നു. സമാന രീതിയിലായിരുന്നു ഇരു കൊലപാതകങ്ങളും.
2013 ആഗസ്ത് 13-നു പ്രഭാതസവാരിക്കിടെ മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ടു പേര്‍ ധബോല്‍ക്കറെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.