2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്ന്‍ മാറിനില്‍ക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് സുപ്രീം കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു. സി.ബി.ഐ മേധാവിയ്ക്കെതിരെ സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പ്രഥമദൃഷ്ട്യാ വിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ട കോടതി സി.ബി.ഐയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവിട്ടു.
സി.ബി.ഐയില്‍ കാര്യങ്ങളെല്ലാം ശുഭകരമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി വിശദമായ വിധിപ്രസ്താവം പുറപ്പെടുവിക്കുന്നില്ലെന്നും അത് ഏജന്‍സിയുടെ സല്‍പ്പേര് മോശമാക്കുമെന്നും പറഞ്ഞു. കോടതി മുറിയില്‍ ഒട്ടേറെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഹാജരായിരിക്കുന്നതിനെ രാവിലെ കേസ് പരിഗണിക്കുമ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. ആവശ്യമുണ്ടെങ്കില്‍ ഇവരെ വിളിപ്പിക്കാമെന്ന് പറഞ്ഞ കോടതി തങ്ങളുടെ ഓഫീസുകളിലെ ചുമതല നിര്‍വ്വഹിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എട്ടോളം സി.ബി.ഐ ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഉണ്ടായിരുന്നത്.
അഴിമതിക്കേസിലെ പ്രതികളില്‍ ചിലരെ രക്ഷിക്കാന്‍ സിന്‍ഹ ശ്രമിച്ചെന്ന് ആരോപിച്ച് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.