മയക്കുമരുന്ന് കടത്തിയെന്ന ആരോപണത്തില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരായ അഞ്ച് മുക്കുവരെ വ്യാഴാഴ്ച വിട്ടയച്ചു. ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെ ഇവര്‍ക്ക് മാപ്പ് നല്‍കുകയായിരുന്നു. കൊളംബോ ഹൈക്കോടതി ഒക്ടോബര്‍ 30-നാണ് വധശിക്ഷ വിധിച്ചത്.
അഞ്ച് പേരും ജയിലില്‍ നിന്ന്‍ മോചിപ്പിക്കപ്പെട്ടതായും ഇവരെ ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ശ്രീലങ്കയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. തമിഴ്‌നാട് സ്വദെശികളായ എമെഴ്സന്‍, പി. അഗസ്തസ്, ആര്‍. വിത്സണ്‍, കെ. പ്രസാദ്, ജെ. ലാങ്ങ്ലെറ്റ് എന്നിവരാണ് മോചിപ്പിക്കപ്പെട്ടവര്‍. തടവില്‍ നിന്ന്‍ പുറത്തുവന്ന ശേഷം ഇവരെ ഹൈക്കമ്മീഷണര്‍ വൈ.കെ സിന്‍ഹ സന്ദര്‍ശിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ നേപ്പാളില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ സാര്‍ക്കിന്റെ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പാണ് രാജപക്സെയുടെ ഈ മാനുഷിക നടപടി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപക്സെയുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയിരുന്നു.
അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കിയ വിധി തമിഴ്‌നാട്ടില്‍ വ്യാപകമായ എതിര്‍പ്പ് ഉളവാക്കിയിരുന്നു. രാമേശ്വരത്ത് പ്രതിഷേധങ്ങളില്‍ അക്രമവും ഉണ്ടായി.