Skip to main content
ന്യൂഡല്‍ഹി

kanimozhi, a raja

 

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണം വെട്ടിപ്പ് കേസില്‍ മുൻ ടെലികോം മന്ത്രി എ.രാജ,​ കനിമൊഴി എം.പി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ,​ തുടങ്ങി 16 പേർക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പ്രതികള്‍ എല്ലാം കുറ്റം നിഷേധിച്ചിട്ടുണ്ട്. വിചാരണം നവംബര്‍ 11-ന് ആരംഭിക്കും.

 

ഡൽഹിയിലെ പ്രത്യേക കോടതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നടപടി. 2008-ല്‍ രാജ ടെലികോം വകുപ്പ് മന്ത്രിയായിരിക്കെ മൊബൈല്‍ കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി ലൈസന്‍സ് നല്‍കിയെന്നും ഇതിലൂടെ ലഭിച്ച 200 കോടിയോളം രൂപ നിക്ഷേപിച്ചത് കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ചാനലിലേക്കാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

2ജി കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തിന് പുറമെയാണ് പണം വെട്ടിപ്പ് നടത്തിയതായ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്ക് എല്ലാം ജാമ്യം ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഡാലോചന കുറ്റത്തില്‍ റിമാന്‍ഡില്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാജയ്ക്കും കനിമൊഴിയ്ക്കും ആ കേസിലും ജാമ്യം ലഭിച്ചിട്ടുണ്ട്.

 

ചുരുങ്ങിയ വിലയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനായി കമ്പനികളില്‍ നിന്ന്‍ രാജ കോഴ വാങ്ങിയതായി സി.ബി.ഐ ആരോപിക്കുന്നു. ഇങ്ങനെ ഒരു കമ്പനിയില്‍ നിന്ന്‍ ലഭിച്ച 200 കോടി രൂപ കനിമൊഴിയ്ക്കും ദയാലു അമ്മാളിനും ഉടമസ്ഥതയുള്ള ഡി.എം.കെയുടെ കലൈഞ്ജര്‍ ടെലിവിഷന്‍ ചാനലിലേക്ക് നല്‍കിയത് പണം വെട്ടിപ്പാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കോഴ നല്‍കിയതായി ആരോപിക്കപ്പെടുന്ന സ്വാൻ ടെലികോം ഉടമകളായ ഷഹീദ് ബൽവയും വിനോദ് ഗോയങ്കയും കേസിൽ പ്രതികളാണ്.