ഐ.ടി മേഖലയില്‍ തൊഴിലസരങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ അറിയാം. കേരളത്തിലെ പ്രമുഖ ഐ.ടി കേന്ദ്രമായി വികസിക്കുന്ന ഇന്‍ഫോപാര്‍ക്കിലെ 130 കമ്പനികളിലെ അപ്പോഴപ്പോഴുള്ള തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ലഭിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറങ്ങി. പുറമേ ഇന്‍ഫോപാര്‍ക്കിലെ കമ്പനികളെ കുറിച്ചും വിവിധ സൗകര്യങ്ങളെക്കുറിച്ചും ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ആപ്പിലൂടെ അറിയാം.
ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാബട്ട് ടെക്നോളജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് അപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഉദ്യോഗാര്‍ത്ഥികളേയും തൊഴില്‍ ദാതാക്കളേയും ഒരു പോലെ സഹായിക്കുന്ന ഈ ആപ്പ് ഒരു ട്രെന്‍ഡ് സെറ്റര്‍ ആണെന്ന് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ വിശേഷിപ്പിക്കുന്നു.
ആപ്പില്‍ എല്ലാ ആഴ്ചയും അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ ലഭിക്കും. തൊഴിലവസരങ്ങള്‍ക്കൊപ്പം കമ്പനികളുടെ പ്രവര്‍ത്തനമേഖല, മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെടേണ്ട വിവരങ്ങള്‍ എന്നിവയും ആപ്പ് നല്കുന്നു. ഇന്‍ഫോപാര്‍ക്കിലും പരിസരത്തുമുള്ള ആശുപത്രി, ബാങ്ക്, എ.ടി.എം, പൊലീസ് സ്റ്റേഷന്, പെട്രോള്‍ പമ്പ്, ജിംനേഷ്യം തുടങ്ങിയ വിവിധ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങളും ആപ്ലിക്കേഷനിലുണ്ട്. കൂടാതെ ഇന്‍ഫോപാര്‍ക്കിനുള്ളിലെ കെട്ടിടങ്ങളുടെ ലൊക്കേഷന്‍ മാപ്പും ലഭ്യമാകും.
ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐ ഒ എസ് ഫോണുകളിലേക്ക് ആപ്പിളിന്റെ ഐട്യൂണ്‍സില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.