യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയിലെത്തി. വ്യാഴാഴ്ച നടക്കുന്ന അഞ്ചാമത് ഇന്ത്യ-യുഎസ് തന്ത്രപര സംഭാഷണത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം കെറി സംയുക്ത ആദ്ധ്യക്ഷം വഹിക്കും. സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന യു.എസ് സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.
വ്യാഴാഴ്ച രാവിലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കെറി കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കെറി ചര്‍ച്ച നടത്തും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യു.എസുമായി നടത്തുന്ന ആദ്യ മന്ത്രിതല കൂടിക്കാഴ്ചയാണിത്. കെറി വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയെ കാണും.
ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ പരിഗണിക്കാതെ ലോക വ്യാപാര സംഘടനയുടെ വ്യാപാര സുഗമ കരാറില്‍ ഒപ്പിടില്ലെന്ന ഇന്ത്യയുടെ നിലപാട് പുന:പരിശോധിക്കണമെന്ന് കെറിയും യു.എസ് വാണിജ്യസെക്രട്ടറി പെന്നി പ്രിട്സ്കറും ചേര്‍ന്നെഴുതി കഴിഞ്ഞ ദിവസം എക്കൊണോമിക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രിട്സ്കറും യു.എസ് വിദേശകാര്യ വക്താവ് ജെന്‍ പെസ്കിയും ഉള്‍പ്പെടുന്നതാണ് ത്രിദിന സന്ദര്‍ശനത്തിനത്തിയ യു.എസ് സംഘം.