Skip to main content
ന്യൂഡല്‍ഹി

Kejriwal meets auto driver who slapped him he gets an apologyസുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ  ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ കരണത്തടിച്ച ഓട്ടോഡ്രൈവര്‍ ലാലി മാപ്പ് പറഞ്ഞു. കെജ്രിവാള്‍ തന്നെ ആക്രമിച്ച ഓട്ടോഡ്രൈവറെ കാണാന്‍ ഇന്ന് നേരിട്ട് വീട്ടിലെത്തിയപ്പോഴാണ്  ലാലി മാപ്പു പറഞ്ഞത്. തനിക്ക് തെറ്റുപറ്റിയതാണെന്നും തന്നോട് പൊറുക്കണമെന്നും തെറ്റിദ്ധാരണമൂലമാണ് താന്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്നും നിറകണ്ണുകളോടെ ലാലി കെജ്‌രിവാളിനോട് പറഞ്ഞു.

 

കെജ്രി വാള്‍ ഇന്നലെ തന്നെ മര്‍ദിച്ചയാള്‍ക്ക് മാപ്പ് കൊടുത്തിരുന്നു. ഇന്നലെ ഉച്ചക്ക് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ റോഡ്‌ഷോ നടത്തുന്നതിനിടെയാണ് കെജ്രിവാളിന് മര്‍ദ്ദനമേറ്റത്. കെജ്‌രിവാളിന്റെ വാഹനത്തില്‍ കയറിയയാള്‍ ഹാരമണിയിച്ച ശേഷം ലാലി കരണത്തടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികളെ വഞ്ചിച്ചെന്നാരോപിച്ചാണ് കെജ്രിവാളിനെ മര്‍ദ്ദിച്ചത്. അടിയേറ്റ കെജ്രിവാളിന്റെ ഇടത് കണ്ണിന് വീക്കമുണ്ട്.

 

തനിക്കു നേരെ ഇനിയും അക്രമണങ്ങളുണ്ടാകാമെന്നും ചിലപ്പോള്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും കെജ്‌രിവാള്‍ അറിയിച്ചു.  ആം ആദ്മിക്കെതിരായ അതിക്രമങ്ങള്‍ക്കു പിന്നില്‍ ഏതോ ഗൂഡശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തനിക്ക് വീഴ്ച വന്നാല്‍ ജനം ശിക്ഷിക്കുന്നതില്‍ ന്യായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ മാത്രമാണ് പരിഹരിക്കാനാകുവെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും കെജ്‌രിവാള്‍ ഓര്‍മ്മിപ്പിച്ചു.

 

കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ തന്നെ പ്രചാരണത്തിനിടെ ഒരു യുവാവ് കേജ്രിവാളിന്റെ പുറത്ത് ഇടിച്ചിരുന്നു. ഏതാനും ദിവസം മുന്‍പ്, ഹരിയാനയില്‍ ഒരാള്‍ കേജ്രിവാളിന്റെ പ്രചാരണ വാഹനത്തില്‍ കയറി മുഖത്ത് അടിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം, ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയ്ക്കെതിരെ കേജ്രിവാള്‍ മത്സരിക്കുന്ന വാരാണസിയില്‍ കേജ്രിവാളിന് മേല്‍ മഷി ഒഴിക്കുകയായിരുന്നു.

Tags