ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവ് അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീണ്ടും മര്‍ദ്ദനമേറ്റു. ചൊവാഴ്ച ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ പ്രചാരണം നടത്തവേ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കേജ്രിവാളിന്റെ മുഖത്തടിച്ചത്. ഇത് നാലാം തവണയാണ് കേജ്രിവാളിന് നേരെ പ്രചാരണത്തിനിടെ അക്രമമുണ്ടാകുന്നത്.
എ.എ.പി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് ലല്ലി ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയിരുന്ന വിഭാഗമായിരുന്നു ഓട്ടോ ഡ്രൈവര്‍മാര്‍.
കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ തന്നെ പ്രചാരണത്തിനിടെ ഒരു യുവാവ് കേജ്രിവാളിന്റെ പുറത്ത് ഇടിച്ചിരുന്നു. ഏതാനും ദിവസം മുന്‍പ്, ഹരിയാനയില്‍ ഒരാള്‍ കേജ്രിവാളിന്റെ പ്രചാരണ വാഹനത്തില്‍ കയറി മുഖത്ത് അടിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം, ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയ്ക്കെതിരെ കേജ്രിവാള്‍ മത്സരിക്കുന്ന വാരാണസിയില്‍ കേജ്രിവാളിന് മേല്‍ മഷി ഒഴിക്കുകയായിരുന്നു.
അക്രമിയെ പോലീസിന് കൈമാറുന്നതിന് മുന്‍പ് എ.എ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അക്രമത്തിലേക്ക് തിരിയരുതെന്നും അത് പ്രസ്ഥാനത്തിന്റെ അന്ത്യമായിരിക്കുമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും അക്രമിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.
അതിനിടെ, പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കികൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീന്‍ മത്സരത്തില്‍ നിന്ന്‍ പിന്മാറി. മധ്യപ്രദേശ്, ഛത്തിസ്ഗഡ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു ഫക്രുദ്ദീന്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചതായി വക്താവ് വൈഭവ് മഹേശ്വരി സ്ഥിരീകരിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ അര്‍ച്ചന ശ്രീവാത്സവയായിരിക്കും പാര്‍ട്ടിയുടെ റായ് ബറേലി സ്ഥാനാര്‍ഥിയെന്നും വക്താവ് അറിയിച്ചു.