ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്ഡയുമായി ഉണ്ടാക്കിയ ഇടപാടിൽ ബാങ്ക് ഗ്യാരന്റിയായി നൽകിയ തുക മടക്കി നല്‍കേണ്ടതില്ല എന്ന് ഇറ്റാലിയന്‍ കോടതി വിധി പുറപ്പെടുവിപ്പിച്ചു. 3600 കോടിയുടെ ഇടപാടില്‍ 2360 കോടിയായിരുന്നു ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവച്ചത്. ഈ തുക തിരികെ നൽകാൻ കഴിയില്ലെന്നാണ് മിലനിലെ കോടതി വ്യക്തമാക്കിയത്. ഇറ്റാലിയന്‍ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗസ്റ്റ വെസ്റ്റ്ലാന്ഡുമായി നടന്ന ഹെലികോപ്റ്റര്‍ ഇടപാട് ജനുവരി ഒന്നിന് ഇന്ത്യ റദ്ദാക്കിയിരുന്നു. വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ 3000 കോടി മുതല്‍ മുടക്കി 12 ഹെലി കോപ്റ്ററുകള്‍ വാങ്ങാനായിരുന്നു കരാര്‍. ഈ ഹെലികോപ്റ്ററുകളില്‍ മൂന്നെണ്ണം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കോഴ ഇടപാട് പുറത്ത് വന്നതോടെ ശേഷിക്കുന്ന ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് നിറുത്തലാക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടന്നു വരികയാണ്.