Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സി.ബി.ഐ. ഡയറക്‌ടര്‍ രഞ്‌ജിത്‌ സിന്‍ഹ വെള്ളിയാഴ്ച കേന്ദ്രനിയമമന്ത്രാലയവുമായി കൂടിക്കാഴ്‌ച നടത്തി.

 

സിബിഐ രൂപീകരിച്ചിരിക്കുന്നത് ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട് പ്രകാരമാണെന്നും ഈ ആക്ട് സുപ്രീംകോടതി തന്നെ നിയമപ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഒരു ഹൈക്കോടതിക്ക് ഈ ആക്ട് നിയമവിരുദ്ധമാണെന്നു പറയാനാവില്ലെന്നുമാണ് കേന്ദ്രസർക്കാർ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

 

സുപ്രീംകോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രി വി.നാരായണസ്വാമി അറ്റോർണി ജനറൽ ജി.ഇ വഹൻവതിയുമായി പല തവണ ചർച്ച നടത്തി.

 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2ജി കേസ് വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ. രാജ ഡല്‍ഹി സി.ബി.ഐ കോടതിയില്‍ ഹര്‍ജി നല്‍കി. നിയമവിരുദ്ധ ഏജന്‍സിയുടെ കണ്ടത്തെല്‍ എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് രാജ ചോദിച്ചു. സിഖ് വിരുദ്ധകലാപക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

സി.ബി.ഐയെ പോലീസ് സേനയായി കരുതാനാകില്ലെന്ന കോടതിവിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രഖ്യാപിച്ചത്. എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണ ഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

 

ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിവിധി. 2001-ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നവേന്ദ്രകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags