സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര സംസ്ഥാനതലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കണം. ഉദ്യോഗസ്ഥരുടെ നിയമനവും, സ്ഥാനക്കയറ്റവും സംബന്ധിച്ച കാര്യങ്ങളില്‍ ബോര്‍ഡായിരിക്കും തീരുമാനമെടുക്കുക. ഇതോടെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിനുമുള്ള അവകാശം സര്‍ക്കാരിന് ഇല്ലാതാവും. ബോര്‍ഡിന്‍റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ഉദ്യോഗസ്ഥരുടെ ഓരോപദവിയിലുമുള്ള കാലാവധി നേരത്തെതന്നെ നിശ്ചയിക്കണമെന്നും ഇതിലൂടെ അഴിമതി തടയാന്‍ കഴിയുമെന്നും സുപ്രീം കോടതി പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ മന്ത്രിമാരുടെയോ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ടതില്ലെന്നും രേഖാമൂലമുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ മേധാവികളുടെ ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ ഐ.എ.എസ് ഓഫീസര്‍ ഇരകളാകുന്നത് ഒഴിവാക്കാനാണിതെന്നും കോടതി വ്യക്തമാക്കി. സിവില്‍ സര്‍വീസസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.ആര്‍.എസ് സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് വിധി.