Skip to main content
ന്യൂഡല്‍ഹി

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതിയില്‍ വദ്രയുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. റോബര്‍ട്ട് വദ്രയുള്‍പ്പടെയുള്ളവര്‍ക്ക് ഹരിയാനയില്‍ വികസനത്തിന് ഭൂമി ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

 

ഹര്‍ജി സമര്‍പ്പിച്ചത് വിലകുറഞ്ഞ പരസ്യത്തിനുവേണ്ടിയാണെന്ന് ജസ്റ്റിസുമാരായ എച്ച്. എല്‍. ദത്തു, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. മാത്രമല്ല തരം താണ പ്രശസ്തിക്കു വേണ്ടി പൊതുതാല്‍പ്പര്യ ഹര്‍ജി ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.

 

ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുവായതു കൊണ്ടുമാത്രം ഒരാളെ അപരാധിയായി കണക്കാക്കാനാവില്ല. മാത്രമല്ല ഒരാളെമാത്രം ഹര്‍ജിയില്‍ കുറ്റപ്പെടുത്താന്‍ തിരഞ്ഞെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു. 21000 ഏക്കര്‍ ഭൂമി പല നിര്‍മാണക്കമ്പനികള്‍ക്കായി ഹരിയാന സര്‍ക്കാര്‍ നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ വദ്രയുടെ  പേരൊഴികെ മറ്റൊരാളുടെയും പേര് അതിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

2005-നും 2012-നും ഇടയില്‍ വദ്രയുടെയും ഹരിയാനയിലെ മറ്റു പലരുടെയും കമ്പനികള്‍ക്ക് നല്‍കിയ ലൈസന്‍സ് സംബന്ധിച്ച അന്വേഷണം പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags