ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ഇപ്പോള്‍ നേത്രശസ്ത്രക്രിയയില്ല. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ ശസ്ത്രക്രിയ ഉടന്‍ സാധ്യമല്ലെന്ന് അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് മദനിയെ ആശുപത്രിയിലാക്കിയത്. ചികിത്സ വൈകിയാല്‍ കാഴ്ചശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഒരുമാസത്തിന് ശേഷം ശസ്ത്രക്രിയയുടെ കാര്യം പരിഗണിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നവംബര്‍ 19-ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
2012-ല്‍ നല്കിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയെങ്കിലും ചികിത്സ നല്കാന്‍ ജസ്റ്റിസ് പി. സദാശിവം അടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന മദനിയുടെ വാദം പരിഗണിച്ചാണ് അടിയന്തര നേത്ര ശസ്ത്രക്രിയയ്ക്കുള്ള കോടതി അനുമതി നല്‍കിയത്.