സര്‍ക്കാര്‍ ജോലിയില്‍ മൂന്ന് ശതമാനം വികലാംഗ സംവരണം മൂന്ന് മാസത്തിനകം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളില്‍ പെടുന്ന നാല് കോടിയിലധികം വരുന്ന വികലാംഗര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ തുറക്കുന്നതാണ് ചൊവാഴ്ച പുറപ്പെടുവിച്ച നിര്‍ണ്ണായക വിധി.
1999-ലെ വികലാംഗ നിയമം അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അന്ധതയോ കാഴ്ചക്കുറവോ ഉള്ളവര്‍, ബധിരര്‍, ചലനവൈകല്യമോ സെറിബ്രല്‍ പാള്‍സിയോ ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി ഓരോ ശതമാനം ഒഴിവുകള്‍ സംവരണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.
ഈ വിഭാഗത്തില്‍ പെടുന്ന നിയമനങ്ങള്‍ സംവരണത്തിന് സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധി ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധിച്ചു. മണ്ഡല് കേസില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ശരിവെച്ച വിധിയില്‍ സംവരണം ആകെ ഒഴിവിന്റെ 50 ശതമാനത്തില്‍ അധികം ആകരുതെന്ന് കോടതി വിലക്കിയിരുന്നു.
ദേശീയ അന്ധ ഫെഡറേഷന് നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നല്കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ വിഷയത്തിലുള്ള ഓഫീസ് മെമ്മോ നിയമത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വികലാംഗര്‍ക്ക് ജോലിയെടുക്കാവുന്ന വിഭാഗങ്ങളില്‍ മാത്രം സംവരണം പരിമിതപ്പെടുത്തുന്നതായിരുന്നു കേന്ദ്രത്തിന്റെ ഓഫീസ് മെമ്മോ. ഇത് റദ്ദാക്കിയ കോടതിയുടെ കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് എല്ലാ വിഭാഗങ്ങളിലും ആകെ ഒഴിവിന്റെ അടിസ്ഥാനത്തില്‍ വികലാംഗരെ സംവരണ പ്രകാരം നിയമിക്കുകയും പിന്നീട് ഇവര്‍ക്ക് അനുയോജ്യമായ തസ്തികകളില്‍ ജോലി നല്‍കുകയും വേണം. മൂന്നുമാസത്തിനകം ഒഴിവുള്ള തസ്തികകളുടെ കണക്കെടുക്കാനും അനുയോജ്യമായ തസ്തികകള്‍ കണ്ടെത്താനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്കി.
നിയമം പൂര്‍ണ്ണമായി നടപ്പിലാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പുലര്‍ത്തുന്ന അലംഭാവത്തെ കോടതി വിമര്‍ശിച്ചു. വികലാംഗ ജനതയുടെ ശാക്തീകരണത്തിനും ഉള്‍ക്കൊള്ളുന്ന വികസനത്തിനും തൊഴില്‍ പ്രധാന ഘടകമാണെന്ന് കോടതി നിരീക്ഷിച്ചു. വികലാംഗത്വം കൊണ്ടുള്ള പ്രശ്നങ്ങളേക്കാളേറെ സാമൂഹ്യവും പ്രായോഗികവുമായ കാരണങ്ങളാണ് ഇവരെ തൊഴില്‍സേനയില്‍ ചേരുന്നതില്‍ നിന്ന് വിലക്കുന്നത്. തന്മൂലം ഇവരില്‍ അധികം പേരും ദാരിദ്ര്യത്തിലും അസഹനീയമായ ജീവിത സാഹചര്യങ്ങളിലും കഴിയേണ്ടി വരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായും മനുഷ്യാവകാശ സംബന്ധിയായ വിവിധ അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരവും വികലാംഗ സമൂഹത്തോട് സ്പഷ്ടമായ ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെങ്കിലും 1995-ല്‍ പാസാക്കിയ നിയമത്തിന്റെ നേട്ടം ഇതുവരെ ഇവര്‍ക്ക് ലഭിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന് എസ്.കെ രുംഗ്തയാണ് ദേശീയ അന്ധ ഫെഡറേഷനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായത്.