Skip to main content
ന്യൂഡല്‍ഹി

തന്തൂരി കൊലക്കേസില്‍ മുന്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഭാര്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സഹാനിയെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്നുവെന്ന കേസിലാണ് ഡല്‍ഹി ഹൈക്കോടതി സുശീല്‍ ശര്‍മയ്ക്ക് വധശിക്ഷ വിധിച്ചത്. സുശീല്‍കുമാറിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മാനസാന്തരത്തിനുള്ള സാധ്യതയുണ്ടെന്നും വധശിക്ഷ റദ്ദാക്കികൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

 

1995 ജൂലൈ രണ്ടിനാണ് സുശീല്‍കുമാര്‍ ശര്‍മ്മയുടെ ഭാര്യ നൈനയെ ഡല്‍ഹിയിലെ ഹോട്ടലിലെ തന്തൂരി അടുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് ദിവസത്തിന് ശേഷമാണ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്ക് സുഹൃത്തുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നും അതിലുള്ള പ്രതികാരമായാണ് കൊല നടത്തിയതെന്നും ശര്‍മ്മ പോലീസിനോട് പറഞ്ഞു. 2003-ല്‍ വിചാരണക്കോടതി ശര്‍മ്മക്ക് വധശിക്ഷ വിധിച്ചു. 2007-ല്‍ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചു. വിധിക്കെതിരെ ശര്‍മ്മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Tags