Skip to main content
ന്യൂഡല്‍ഹി

മരുന്നുകളുടെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വക്കണമെന്ന് സുപ്രീം കോടതി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണോ മരുന്ന് പരീക്ഷണം നടത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. അതുകൊണ്ട് തന്നെ പരീക്ഷണത്തിന് വിധേയരാകുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേരത്തെ അനുമതി ലഭിച്ച 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

 

മരുന്ന് പരീക്ഷണങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ സ്വാസ്ഥ്യ അധികാര്‍ മഞ്ച് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2005 മുതല്‍ 2012 വരെ മരുന്ന് പരീക്ഷണം നടത്തിയ സമയത്ത്  2644 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 80 പേര്‍ ഈ മരുന്ന് കാരണം മരിച്ചിരുന്നു. മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കിയത് ഏതെങ്കിലും അടിയന്തര സാഹചര്യത്തിലാണോ എന്നത് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

 

മരുന്ന് പരീക്ഷണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് സുപ്രീം കോടതി നേരത്തെതന്നെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Tags