ബി.സി.സി.ഐ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍.ശ്രീനിവാസന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുപ്രീം കോടതി അനുമതി. എന്നാല്‍ വിജയിച്ചാലും ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തീരുമാനമാകുന്നത് വരെ ചുമതലയേല്‍ക്കുന്നതില്‍ നിന്നും കോടതി വിലക്കി. ജസ്റ്റീസ് എ.കെ പട്‌നായിക്, ജസ്റ്റീസ് ജഗ്ദീഷ് സിംഗ് ഖേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് ഉത്തരവ്.
ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി ആദിത്യാ വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡന്റായി മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നായിരുന്നു ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഹര്‍ജിയിലെ ആവശ്യം. ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരെ കഴിഞ്ഞയാഴ്ച്ച മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനിവാസന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവകാശമില്ലെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഹര്‍ജിയില്‍ പറയുന്നു.
മരുമകന്‍ വാതുവയ്പ്പ് കേസ് കുറ്റപത്രത്തിലുള്ള സ്ഥിതിക്ക് എങ്ങനെ ശ്രീനിവാസന് അദ്ധ്യക്ഷനായി തുടരാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. കോടതിക്ക് വ്യക്തികളെ അറിയില്ലെന്നും ബി.സി.സി.ഐയേയും ക്രിക്കറ്റിനേയും മാത്രമേ അറിയൂ എന്നും കോടതി വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.