പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ജയില്‍ ഡയറിക്കുറിപ്പുകള്‍ സമാഹരിച്ച പുസ്തകം ജമ്മു കശ്മീരില്‍ വിവാദം സൃഷ്ടിക്കുന്നു. പ്രമുഖ വിഘടനവാദ സംഘടനയായ നാഷണല്‍ ഫ്രന്റ് (എന്‍.എഫ്)ആണ് അന്ത്യ സന്ദേശം എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്‍പതിനാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.
2001-ലെ പാര്‍ലിമെന്റ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജെയ്ഷ്-ഇ-മുഹമ്മദ് തലവനായിരുന്ന ഗാസി ബാബയെ രക്തസാക്ഷി എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഒമറിനെ വിശ്വാസികളുടെ തലവന്‍ ആയും വിശേഷിപ്പിക്കുന്നു.
കശ്മീരിനായുള്ള ജിഹാദ് അനിവാര്യമായിരിക്കുന്നെന്നും പുസ്തകത്തില്‍ പറയുന്നു. പ്രവാസം നടത്താന്‍ ഒരു മദീന ഇവിടെയില്ലെന്നും അതുകൊണ്ട് ജിഹാദ് മാത്രമാണ് മുസ്ലിങ്ങള്‍ക്ക് ഒരേയൊരു പോംവഴിയെന്നും പുസ്തകം കൂട്ടിച്ചേര്‍ക്കുന്നു.
ബി.ജെ.പി യുവജന വിഭാഗമായ യുവമോര്‍ച്ച പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടു. ഇത് ഇന്ത്യക്കെതിരെയുള്ള ഗൂഡാലോചനയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റൈന പറഞ്ഞു.
ശ്രീനഗറില്‍ ചൊവാഴ്ചയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം വില്‍ക്കുകയില്ലെന്നും ആവശ്യമായ സ്ഥലങ്ങളില്‍ വിതരണം ചെയ്യുമെന്നും എന്‍.എഫ് ചെയര്‍മാന്‍ നയീന്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. അച്ചടിച്ച 5,000 പ്രതികള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഖാന്‍ അറിയിച്ചു. അഫ്സല്‍ ഗുരുവിന്റെ സഹോദരന്‍ ഐജാസ് ഗുരു ചടങ്ങില്‍ പങ്കെടുത്തു.