ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഇരുനൂറാം ടെസ്റ്റിനു മുംബൈ വാംഖഡെ സ്റ്റേഡിയം ഒരുങ്ങുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസിനായി വെസ്റ്റിന്‍ഡീസ് ടീമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടു കൂടിയാണ് ഇരുനൂറാം ടെസ്റ്റ് മത്സരം ഇന്ത്യയില്‍ തന്നെ കളിക്കാന്‍ സച്ചിന് അവസരമൊരുങ്ങുന്നത്.
ഞായറാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ബി.സി.സി.ഐയുടെ തീരുമാനത്തോടെ സച്ചിന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാവും സച്ചിന്‍ ഇരുനൂറാം ടെസ്റ്റ് കളിക്കുക എന്നതായിരുന്നു ആദ്യ തീരുമാനം എന്നാല്‍ പിന്നീട് ചേര്‍ന്ന യോഗത്തില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യയിലേക്ക് വെസ്റ്റ് ഇന്‍ഡീസിനെ ക്ഷണിക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
കൊല്‍ക്കത്തയും മുംബൈയുമാകും വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയിലെ ടെസ്റ്റ് വേദികള്‍. ഇരു ടീമുകളും തമ്മില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് തീരുമാനിച്ചിരിക്കുന്നത്. 198 മത്സരങ്ങളില്‍ നിന്നായി 15837 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. അന്താരാഷ്‌ട്ര ഏകദിനങ്ങളില്‍ നിന്നും ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്നും സച്ചിന്‍ നേരത്തെ വിരമിച്ചിരുന്നു.