കോടതി കുറ്റവാളികളെന്ന്‍ വിധിച്ച ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതില്‍ നിന്ന്‍ തടയുന്ന നിയമത്തിലെ വകുപ്പ് സുപ്രീം കോടതി അസാധുവാക്കി. അപ്പീല്‍ തീരുമാനമാകുന്നത് വരെ അയോഗ്യത തടയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പാണ് ബുധനാഴ്ച ജസ്റ്റിസുമാരായ എ.കെ പട്നായിക്, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബഞ്ച് അസാധുവാക്കിയത്.
കുറ്റവാളിയായി വിധിക്കപ്പെടുന്ന ദിവസം തന്നെ ജനപ്രതിനിധിക്ക് അയോഗ്യത വരും എന്ന് കോടതി വിധിച്ചു. എന്നാല്‍, വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടാകില്ലെന്ന് ബഞ്ച് പറഞ്ഞു. കുറ്റവാളിയെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കിയ നിലവിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തല്‍സ്ഥാനത്ത് തുടരാം. നിലവിലെ ലോക്സഭയില്‍ 162 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ ലംഘനമാണെന്ന് ലില്ലി തോമസ്, എന്‍.ജി.ഒ ആയ ലോക് പ്രഹരി എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി.