Skip to main content
ന്യൂഡല്‍ഹി

ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണം കേസിന്റെ വിധി സുപ്രീം കോടതി തടഞ്ഞു. ലാലുപ്രസാദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസിന്റെ വിചാരണ റാഞ്ചിയിലെ കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുള്ള ലാലുപ്രസാദിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി അംഗീകരിച്ചത്.

 

 കേസിന്റെ വിചാരണ നടക്കാന്‍ പോകുന്ന കോടതിയിലെ ജഡ്ജി പി.കെ സിംഗ് ബീഹാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നും അതിനാല്‍ തന്റെ രാഷ്ട്രീയ എതിരാളിയും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിലെ അംഗത്തിന് കേസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും കാണിച്ചാണ് ലാലുപ്രസാദ് ഹര്‍ജി സമര്‍പ്പിച്ചത്.

 

കേസില്‍ ജൂലൈ 15നു വിചാരണ കോടതി വിധിപറയാനിരിക്കെയാണ് സുപ്രീം കോടതി നടപടി. ഇതേ ആവശ്യമുന്നയിച്ച് ലാലുപ്രസാദ് നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നീടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

2007-ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടുന്നത്.

Tags