ദയാഹര്‍ജികളില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം അന്തിമമാണെന്നും ഈ തീരുമാനം പുന:പരിശോധിക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രപതിയുടെ മുന്നില്‍ ദയാഹര്‍ജി എത്തുന്നത്. അതുകൊണ്ട് തന്നെ ഈ തീരുമാനം മാറ്റമില്ലാത്തതായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇരട്ടക്കൊലക്കേസിലെ പ്രതിയായ എം.എന്‍. ദാസിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുള്ള സുപ്രീംകോടതിവിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇയാളുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ 11 വര്‍ഷം താമസിച്ചു എന്ന കാരണത്താലാണ് വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറച്ചത്.
കോടതികള്‍ തീരുമാനമെടുത്ത ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കുന്നത്. അതിനാല്‍ ആ തീരുമാനം കോടതികള്‍ക്ക് പരിശോധിക്കാന്‍ അധികാരമില്ലെന്നും രാഷ്ട്രപതിയുടെ തീരുമാനം കേസിന്റെ അന്തിമ വിധിയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
1997-ല്‍ സെഷന്‍സ് കോടതിയാണ് എം.എന്‍ ദാസിനെ വധശിക്ഷക്ക് വിധിച്ചത് പിന്നീട് 1998-ല്‍ ഗോഹട്ടി ഹൈക്കോടതിയും, 1999-ല്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. 1999-ല്‍ തന്നെ ദാസ് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും 11 വര്‍ഷത്തിന് ശേഷം അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടില്‍ ദയാഹര്‍ജി തള്ളി. 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിനാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ദാസ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.