Skip to main content
ന്യൂഡല്‍ഹി

തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്റെ അടിവേരിളക്കുന്നതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ അഴിമതി എന്ന്‍ വിശേഷിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 

തമിഴ്‌നാട്ടിലെ ഐ.എ.എ.ഡി.എം.കെ സര്‍ക്കാര്‍ നല്‍കുന്ന ഗ്രൈന്‍ഡര്‍, മിക്സി, ലാപ്ടോപ് എന്നിവ ജനപ്രാതിനിധ്യ നിയമത്തിലെ അഴിമതി, തെരഞ്ഞെടുപ്പ് കുറ്റം എന്നിവയുടെ പരിധിയില്‍ പെടുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുബ്രഹ്മണ്യം ബാലാജി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി. സദാശിവം, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.

 

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്‌ സര്‍ക്കാറിന്റെ നടപടി കോടതി ശരിവെച്ചത്. എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെ തടയുന്ന എന്ന പരാതിക്കാരന്റെ വാദം  അംഗീകരിച്ച കോടതി അംഗീകൃത പാര്‍ട്ടികളുമായി ആലോചിച്ച് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാതൃകാ പെരുമാറ്റ ചട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags