Skip to main content

ന്യൂഡല്‍ഹി: ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്. ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ചൊവാഴ്ച ന്യൂഡല്‍ഹിയില്‍ വ്യവസായ പ്രമുഖരെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഉഭയകക്ഷി വ്യാപാരവും വിദേശ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇരു രാജ്യങ്ങളിലുമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മില്‍ വ്യാപാര ഉടമ്പടിക്കുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

 

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 66 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. എന്നാല്‍, 28.87 ബില്ല്യണ്‍ ഡോളറിന്റെ അസന്തുലതത്വമാണ് ഇന്ത്യക്ക് ചൈനയുമായുള്ളത്.

 

ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി തല ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള എട്ട് കരാറുകളില്‍ ഒപ്പ് വച്ചു. അതിര്‍ത്തി തര്‍ക്കത്തിലും പ്രത്യേകം ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

Ad Image