Skip to main content

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) അന്വേഷിക്കാമെന്ന് സുപ്രീം കോടതി. തീവ്രവാദ വിരുദ്ധ ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ചീഫ് ജസ്റ്റിസ് അല്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. പ്രത്യേക വിചാരണക്കോടതി ദിവസസേന കേസ് പരിഗണിച്ച് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

ഇതോടെ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ വിചാരണ നേരിടേണ്ടി വരും. കടലില്‍ തീവ്രവാദം തടയുന്ന സുവാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്‍.ഐ.എ. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ നിയമം കടലിലെ കൊലപാതകത്തിന് വധശിക്ഷ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.

 

നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് കേന്ദ്രം ഇറ്റാലിയന്‍ സര്‍ക്കാറിന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്‍.ഐ.എ. കുറ്റപത്രം തയ്യാറാക്കിയതിനു ശേഷം അപ്പീല്‍ അടക്കമുള്ള ഭാവി നടപടികള്‍ ആലോചിക്കുമെന്ന്  ഇറ്റലിയുടെ അഭിഭാഷകന്‍ വെള്ളിയാഴ്ച അറിയിച്ചു.

Tags