Skip to main content

ന്യൂഡല്‍ഹി: അര്‍ബുദ ചികിത്സക്കുള്ള മരുന്നിന് പേറ്റന്റ് അനുമതി തേടി സ്വിസ്സ് മരുന്നു കമ്പനി നോവര്‍തിസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കമ്പനിക്ക് പേറ്റന്റ് നിഷേധിക്കാന്‍ ആധാരമാക്കിയ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവും ജസ്റ്റീസുമാരായ അഫ്താബ് ആലവും  രഞ്ജന പ്രകാശ് ദേശായിയും അടങ്ങിയ ബഞ്ച് തള്ളി.

 

ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക് അര്‍ബുദത്തിനുള്ള ജനറിക്ക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് തുടരാന്‍ വഴിയൊരുക്കുന്നതാണ് വിധി. ജനറിക്ക് മരുന്നുകളുടെ തന്മാത്രകളില്‍ നേരിയ മാറ്റം വരുത്തുന്നതിന് പേറ്റന്റ് നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. തികച്ചും പുതിയതോ കാര്യമായ മാറ്റം വരുത്തി ഉല്‍പ്പാദിപ്പിക്കുന്നവക്ക് മാത്രമേ പേറ്റന്റിന് അര്‍ഹതയുള്ളൂ എന്നാണ് കോടതി വിധി. പിഴയോടു കൂടിയാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

 

രക്താര്‍ബുദത്തിന് നോവര്‍തിസ് കണ്ടെത്തിയ ഗ്ലിവെക് എന്ന മരുന്നിന്റെ ഫോര്‍മുല ഉപയോഗിച്ചാണ് ഇന്ത്യന്‍ മരുന്നു കമ്പനികള്‍ തങ്ങളുടെ മരുന്ന് നിര്‍മ്മിക്കുന്നതെന്നായിരുന്നു നോവാര്‍തിസിന്റെ വാദം. എന്നാല്‍ ജനറിക്ക് മരുന്നില്‍ നിന്ന് നേരിയ മാറ്റം വരുത്തിയ നോവാര്‍തിസിന്റെ മരുന്നിന് ഒന്നേകാല്‍ ലക്ഷം രൂപയോളം വില വരുമ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഏകദേശം 8000 രൂപക്കാണ് ജനറിക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കും കുറഞ്ഞ ചിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ മരുന്നു കയറ്റുമതി ചെയ്യുന്നുണ്ട്.

 

മരുന്നിന് പേറ്റന്റ് നല്‍കാനാവില്ലെന്ന് 2006ല്‍ പേറ്റന്റ് അതോറിറ്റി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ ബൗദ്ധിക സ്വത്തവകാശ അപ്പലെറ്റ് അതോറിറ്റിയും മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ്‌ നോവര്‍തിസ് സുപ്രീം കോടതിയെ സമീപിച്ചത്. 2005ലെ പേറ്റന്റ് നിയമ ഭേദഗതിക്ക് ശേഷം ഈ വിഷയത്തില്‍ വന്ന ആദ്യ സുപ്രീം കോടതി വിധിയാണിത്.

Tags