Skip to main content
വാഷിംഗ്‌ടണ്‍

 

ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനിസ്വലയെ യു.എസ് തിങ്കളാഴ്ച ദേശസുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിച്ചു. വെനിസ്വലയിലെ ഏഴു ഉദ്യോഗസ്ഥര്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെനാളായി വഷളായിരുന്നു.

 

 

യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പുറപ്പെടുവിച്ച ഉത്തരവ് വെനിസ്വലയുടെ ഊര്‍ജമേഖലയേയോ സമ്പദ് വ്യവസ്ഥയെ പോതുവായോ ലക്ഷ്യം വെക്കുന്നില്ലെന്ന്‍ യു.എസ് അധികൃതര്‍ വ്യക്തമാക്കി. എണ്ണ സമ്പന്നരാഷ്ട്രമായ വെനിസ്വലയുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് പെട്രോളിയം കയറ്റുമതി.

 

ഉപരോധത്തെ അപലപിച്ച വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മദുരോ തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന്‍ ആരോപിച്ചു. സാമ്രാജ്യത്വ ഭീഷണി ചെറുക്കുമെന്ന് പ്രഖ്യാപിച്ച മദുരോ ഉപരോധത്തിന് വിധേയരായവരില്‍ ഒരാളെ മന്ത്രിയായി നിയമിക്കുകയും ചെയ്തു.  

 

യു.എസ് ഉപരോധ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയാണ് ഒരു രാജ്യത്തെ ദേശസുരക്ഷയ്ക്ക് ഭീഷണിയായി പ്രഖ്യാപിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നവര്‍ ജനായത്ത പ്രകിയകളേയും സ്ഥാപനങ്ങളേയും തുരങ്കം വെക്കുന്നവരോ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചവരോ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നവരോ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.

 

അന്തരിച്ച മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസ് 2008-ല്‍ യു.എസ് സ്ഥാനപതിയെ വെനിസ്വലയില്‍ നിന്ന്‍ പുറത്താക്കിയത് മുതല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ പൂര്‍ണ്ണ നയന്തന്ത്ര ബന്ധമില്ല. ഷാവേസിന്റെ മരണത്തിന് ശേഷം 2013-ല്‍ മദുരോ അധികാരമേറ്റതോടെ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

Ad Image