Skip to main content
കൊളംബോ

sirisena

 

ശ്രീലങ്കയില്‍ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് തോല്‍വി. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന മുന്നിലെത്തിയതായ ഫലങ്ങളെ തുടര്‍ന്ന്‍ പരാജയം അംഗീകരിച്ച് രാജപക്സെ വെള്ളിയാഴ്ച ഒദ്യോഗിക വസതി ഒഴിഞ്ഞു.

 

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിരിസേന നാല് ലക്ഷത്തില്‍ പരം വോട്ടിന് വിജയിക്കുമെന്നാണ് കണക്കാക്കുന്നത്. രണ്ട് വട്ടം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന രാജപക്സെയ്ക്കെതിരെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി പിന്തുണച്ച സ്ഥാനാര്‍ഥിയായിരുന്നു സിരിസേന.

 

വാശിയേറിയ പ്രചാരണമാണ് 69-കാരനായ രാജപക്സെയും നേരത്തെ രാജപക്സെയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന 63-കാരനായ സിരിസേനയും നടത്തിയത്. മിക്ക സ്ഥലങ്ങളിലും 65-70 ശതമാനം പോളിംഗ് നടന്നതായി കണക്കാക്കുന്നു.

 

ആറു വര്‍ഷ കാലാവധി തീരാന്‍ രണ്ട് വര്‍ഷം കൂടി അവശേഷിക്കവേ ആണ് റെക്കോഡ് മൂന്നാം വട്ടം വിജയം തേടി രാജപക്സെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പിറ്റേ ദിവസം രാജപക്സെ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന മന്ത്രിസഭ വിടുകയായിരുന്നു. ഇത് പ്രതിപക്ഷത്തിന് ഉണര്‍വ് നല്‍കുകയും രാജപക്സെയുടെ ഭാഗത്ത് നിന്ന്‍ വേറെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ക്ക് പ്രേരകമാകുകയും ചെയ്തു.