തെക്കന്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനു നേരെ ട്രക്ക് ഇടിച്ചുകയറ്റി നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം ചുരുങ്ങിയത് 80 പേരെങ്കിലും കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേശീയ അവധിദിനമായ ബാസ്റ്റീല്‍ ദിനം ആഘോഷിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണം തീവ്രവാദ പ്രവൃത്തിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രസ്വോ ഒലാന്ദ് പ്രതികരിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ മൂന്ന്‍ മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
തിങ്ങിനിറഞ്ഞ തെരുവിലൂടെ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം ട്രക്ക് ഓടിച്ചതായാണ് ദൃക്സാക്ഷികള്‍ വിവരിക്കുന്നത്. ഡ്രൈവര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഡ്രൈവറെ വെടിവെച്ചു കൊന്നാണ് ആക്രമണം അവസാനിപ്പിച്ചത്.