റസ്റ്റോറന്റില്‍ വിദേശികളടക്കമുള്ളവരെ ബന്ദികളാക്കിയ തീവ്രവാദി സംഘത്തെ ബംഗ്ലാദേശ് സൈന്യം കീഴടക്കി. ബന്ദികളില്‍ 20 വിദേശികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പത്ത് മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിന് അവസാനമിട്ട് സേന റസ്റ്റോറന്റില്‍ പ്രവേശിച്ചത്. 13 ബന്ദികളെ കമാന്‍ഡോകള്‍ രക്ഷപ്പെടുത്തിയതായാണ് വിവരം.
അക്രമികളില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും ചിലരെ പിടികൂടിയതായും സേനാ അധികൃതര്‍ പറഞ്ഞു.
ആയുധധാരികളായ ഒന്‍പതംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗുല്‍ഷന്‍ മേഖലയിലുള്ള ഹോലേ ആര്‍ട്ടിസാന്‍ ബേക്കറി ആക്രമിച്ചത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. വിദേശികളും നയതന്ത്ര ഉദ്യോഗസ്ഥരും പതിവായെത്തുന്ന സ്ഥലമാണിത്.