പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വെടിനിര്‍ത്തലിന് തയ്യാറെന്ന് പലസ്തീന്‍ രാഷ്ട്രീയ-സൈനിക സംഘടന ഹമാസ് അറിയിച്ചു. നേരത്തെ, ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിനോട് സഹകരിക്കാന്‍ ഹമാസ് വിസമ്മതിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
ഞായറാഴ്ച കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വെടിനിര്‍ത്താനുള്ള യു.എന്‍ അഭ്യര്‍ഥന കൈക്കൊള്ളാതെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലും ആക്രമണം പുനരാരംഭിച്ചിരുന്നു. ഇസ്രായേലിന്റെ ഈ ആക്രമണത്തില്‍ മൂന്ന്‍ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജൂലൈ എട്ടിന് ആരംഭിച്ച സൈനിക നടപടിയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്.
ശനിയാഴ്ച പകല്‍ വെടിനിര്‍ത്തല്‍ സമയത്ത് നടത്തിയ തിരച്ചിലില്‍ ഗാസയിലെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‍ 130 മൃതദേഹങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1040 കടന്നതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ 80 ശതമാനവും സാധാരണക്കാരാണ്. 192 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ എണ്ണം 6000-ത്തോളം വരും. ആക്രമണത്തില്‍ വീടുവിട്ട് യു.എന്‍ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന പലസ്തീന്‍കാരുടെ എണ്ണം 1.2 ലക്ഷത്തോളമാണ്. ഇസ്രയേലിന്റെ 40 സൈനികരും മൂന്ന്‍ സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എന്‍ നടത്തിയ അഭ്യര്‍ഥന മാനിച്ച് ഇസ്രയേലും ഹമാസും ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, ഗാസ ചിന്തില്‍ നിന്ന്‍ ഇസ്രയേലിന്റെ ടാങ്കുകള്‍ പിന്മാറാതെയും നിവാസികളെ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കാതെയും ആംബുലന്‍സുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാതെയുമുള്ള ദുരിതാശ്വാസ വെടിനിര്‍ത്തല്‍ സാധുവല്ലെന്നായിരുന്നു ഹമാസിന്റെ ആദ്യ പ്രതികരണം. എന്നാല്‍, യു.എന്‍ ഇടപെടലും ഗാസയിലെ ജനങ്ങളുടെ സാഹചര്യവും ഈദ് പെരുന്നാളിന്റെ അവസരവും കണക്കിലെടുത്ത് ഞായറാഴ്ച രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഹമാസ് വക്താവ് പിന്നീട് അറിയിക്കുകയായിരുന്നു.