ഗാസയില്‍ ശനിയാഴ്ച 12 മണിക്കൂര്‍ നേരം വെടിനിര്‍ത്തലിന് ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ രാഷ്ട്രീയ-സൈനിക സംഘടന ഹമാസും സമ്മതിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യു.എന്‍ പുറപ്പെടുവിച്ച അഭ്യര്‍ഥന മാനിച്ചാണ് നടപടി. പ്രാദേശിക സമയം പകല്‍ എട്ടുമണി (ഇന്ത്യന്‍ സമയം 10.30) മുതല്‍ രാത്രി എട്ടുമണി വരെയാണ് വെടിനിര്‍ത്തല്‍. ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഈദുല്‍ ഫിത്തര്‍ കഴിയുന്നത് വരെ നിലനിര്‍ത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു.
അതേസമയം, സംഘര്‍ഷത്തിന് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള നയതന്ത്ര ശ്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഒത്തുതീര്‍പ്പ് ദൗത്യവുമായി മേഖല സന്ദര്‍ശിച്ച യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ശനിയാഴ്ച പാരീസില്‍ എത്തിയ കെറി ഫ്രാന്‍സ്, യു.കെ, ജര്‍മ്മനി, ഇറ്റലി, ഖത്തര്‍, തുര്‍ക്കി, ഇ.യു എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കും.
സംഘര്‍ഷത്തിന്റെ പത്തൊമ്പതാം ദിവസമായ ശനിയാഴ്ചയും പുലര്‍ച്ചെ ആക്രമണങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ വെള്ളിയാഴ്ച വരെ 884 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 80 ശതമാനവും സാധാരണക്കാരാണെന്ന്‍ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 192 കുട്ടികള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. ഇസ്രായേലിന്റെ 37 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു.
അതിനിടെ, പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലും ഗാസ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പലസ്തീന്‍ ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു.