Skip to main content
ന്യൂഡല്‍ഹി/യുണൈറ്റഡ് നേഷന്‍സ്

un refugee centre at gaza

 

ഗാസ ആക്രമണം സംബന്ധിച്ച് തിങ്കളാഴ്ച രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇസ്രയേലിനെ അപലപിക്കുന്ന പ്രമേയം പാസാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയി. എന്നാല്‍, സര്‍ക്കാറിന്റെ പലസ്തീന്‍ നയത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. അതിനിടെ, മരണസംഖ്യ 500 കടന്ന ഗാസയില്‍ ഐക്യരാഷ്ട്രസഭ അടിയന്തര മാനുഷിക സഹായം അഭ്യര്‍ഥിച്ചു.

 

മൂന്ന്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മറുപടി പറയവേ സമാധാന ചര്‍ച്ചകള്‍ക്കായുള്ള ഈജിപ്തിന്റെ നിര്‍ദ്ദേശം ഇസ്രയേലും പലസ്തീനും സ്വീകരിക്കണമെന്ന സംയുക്ത സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സുഷമ പറഞ്ഞു. സഭാ ചട്ടം അനുസരിച്ച് പ്രമേയം പാസാക്കുന്ന ചര്‍ച്ചയല്ല നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗാസ അക്രമത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ വൈകിയെന്ന് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസ് രാജ്യസഭ കക്ഷിനേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ബിജു ജനതാദളും അണ്ണാ ഡി.എം.കെയും ഇറങ്ങിപ്പോക്കില്‍ നിന്ന്‍ വിട്ടുനിന്നു.

 

പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ ഏജന്‍സി ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിന് ആറു കോടി ഡോളറിനായി അഭ്യര്‍ഥന നടത്തി. തങ്ങളുടെ 70 അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഏജന്‍സി അറിയിച്ചു. തിങ്കളാഴ്ച ദുബായിയിലെ ഇന്റര്‍നാഷണല്‍ ഹുമാനിറ്റെറിയന്‍ സിറ്റി എന്ന സന്നദ്ധ സംഘടന വഴി 115 മെട്രിക് ടണ്‍ വരുന്ന വസ്തുക്കള്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി വ്യോമമാര്‍ഗ്ഗം ജോര്‍ദാനില്‍ എത്തിച്ചിട്ടുണ്ട്.  

 

രണ്ടാഴ്ച പൂര്‍ത്തിയാകുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 575 കടന്നു. ഐക്യരാഷ്ട്രസഭ ഉടന്‍ വെടിനിര്‍ത്താന്‍ ആഹ്വാനം നല്‍കിയെങ്കിലും ഇസ്രയേല്‍ ആക്രമണത്തില്‍ അയവ് വരുത്തിയിട്ടില്ല. തിങ്കളാഴ്ച മാത്രം 31 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ സംഘടന ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഗാസയില്‍ ഇസ്രയേല്‍ സേന കരയാക്രമണവും നടത്തുന്നുണ്ട്. തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ 18 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

Tags