Skip to main content
വാഷിങ്ടണ്‍

barack obamaസുന്നി തീവ്രവാദ സംഘടനകളുടെ കടുത്ത ആക്രമണം നേരിടുന്ന ഇറാഖിലേക്ക് മുന്നൂറോളം സൈനിക ഉപദേഷ്ടാക്കളെ അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ച അറിയിച്ചു. തീവ്രവാദി പോരാളികളുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഒബാമ പറഞ്ഞു. എന്നാല്‍, യുദ്ധത്തിനായല്ല യു.എസ് സൈനികര്‍ ഇറാഖിലേക്ക് പോകുന്നതെന്ന് ഒബാമ വ്യക്തമാക്കി.  

 

ഇറാഖി സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേരെ കടുത്ത വിമര്‍ശനവും ഒബാമ നടത്തി. പ്രധാനമന്ത്രി നൌറി അല്‍-മാലിക്കിയുടെ നേതൃത്വത്തിലുള്ള ഷിയാ ഭൂരിപക്ഷ സര്‍ക്കാറിന് രാജ്യത്തെ സുന്നി ന്യൂനപക്ഷത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി. ഇത് മാലിക്കിയോട് സ്വകാര്യമായും പരസ്യമായും യു.എസ് അറിയിച്ചിട്ടുണ്ടെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു.

 

ഇറാഖിലെ പ്രശ്നങ്ങള്‍ക്ക് സൈനികമെന്നതിനെക്കാളേറെ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി ഒബാമ പറഞ്ഞു. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാര്‍ ഇറാഖില്‍ നിലവില്‍ വരുത്തുന്നതിന് പിന്തുണ തേടി വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈയാഴ്ച യൂറോപ്പും പശ്ചിമേഷ്യയും സന്ദര്‍ശിക്കുമെന്ന് ഒബാമ അറിയിച്ചു. ഇറാഖിന്റെ അയല്‍രാജ്യവും ഷിയാ ഭൂരിപക്ഷ രാഷ്ട്രവുമായ ഇറാന് പ്രശ്നപരിഹാരത്തിന് നിര്‍മ്മാണാത്മകമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഒബാമ പറഞ്ഞു.  

 

2003-ല്‍ യു.എസ് നേതൃത്വത്തില്‍ നടന്ന അധിനിവേശത്തിന് ശേഷം 2011-ല്‍ യു.എസ് സൈന്യത്തെ ഇറാഖില്‍ നിന്ന്‍ പിന്‍വലിച്ചത് ഒബാമയായിരുന്നു. തീവ്രവാദികള്‍ക്ക് എതിരെയുള്ള ഇറാഖി സൈന്യത്തിന്റെ പോരാട്ടത്തെ സഹായിക്കുകയും പിന്തുണ നല്‍കുകയുമായിരിക്കും യു.എസ് സൈനിക ഉപദേഷ്ടാക്കള്‍ ചെയ്യുകയെന്ന് ഒബാമ പറഞ്ഞു. ഇറാഖിന്റെ സുരക്ഷയ്ക്ക് മാത്രമല്ല, യു.എസ് ഉദ്യോഗസ്ഥര്‍ക്കും യു.എസ് താല്‍പ്പര്യങ്ങള്‍ക്കും തീവ്രവാദികളുടെ മുന്നേറ്റം ഭീഷണിയാണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

 

അല്‍-ക്വൈദ ആഭിമുഖ്യമുള്ള സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ അല്‍-ഷാം, ഇസ്ലാമിക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദ ലെവാന്റ് (ഐ.എസ്.ഇ.എല്‍) എന്നീ പേരുകളില്‍ സംഘടന അറിയപ്പെടുന്നു) ഈ മാസമാദ്യം ഇറാഖിന്റെ വടക്കന്‍ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും തലസ്ഥാനമായ ബാഗ്ദാദിന് നേരെ ആക്രമണം തുടങ്ങുകയും ചെയ്തതോടെയാണ് രാജ്യത്തെ സുന്നി-ഷിയാ സംഘര്‍ഷം രൂക്ഷമായത്.