Skip to main content
വാഴ്സാ

obama in polnd

 

കിഴക്കന്‍ യൂറോപ്പിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് 100 കോടി ഡോളറിന്റെ പദ്ധതി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധമായി പരിണമിക്കുന്ന ഉക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രഖ്യാപനം. പദ്ധതിയ്ക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമുണ്ട്.

 

നാറ്റോ സഖ്യകക്ഷികളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈനികരേയും ഉപകരണങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സായില്‍ വെച്ച് ഒബാമ അറിയിച്ചു. പോളണ്ടിലെ ആദ്യ ജനായത്ത തെരഞ്ഞെടുപ്പിന്റെ 25ാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഒബാമ.

 

ഉക്രൈനില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‍ പിന്‍വാങ്ങാന്‍ ഒബാമ റഷ്യയോട് ആവശ്യപ്പെട്ടു. കിഴക്കന്‍ യൂറോപ്പിലെ യു.എസ് സൈനിക സാന്നിധ്യം റഷ്യയെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒബാമ പറഞ്ഞു. എന്നാല്‍, ഇരുരാഷ്ട്രങ്ങളും തമ്മില്‍ വിശ്വാസം പുതുക്കിപ്പണിയുന്നതിന് കൂടുതല്‍ സമയം എടുത്തേക്കാമെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷേങ്കോയുമായി ഒബാമ പോളണ്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.

 

അതിനിടെ, കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വംശജരായ വിമതര്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ 59 സൈനികര്‍ അടക്കം 181 പേര്‍ കൊല്ലപ്പെടുകയും 293 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ അറിയിച്ചു. ഇതില്‍ വിമതരുടെ എണ്ണം ഉള്‍പ്പെടുന്നുണ്ടോ എന്ന്‍ വ്യക്തമാക്കിയിട്ടില്ല. ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് പ്രവിശ്യകളില്‍ കലാപം ആരംഭിച്ചതിന് ശേഷം 12 വിദേശികളടക്കം 220 പേരെ കാണാതായിട്ടുണ്ട്.

 

ഏപ്രില്‍ മുതല്‍ ഉക്രൈന്‍ സൈന്യം ഇവിടെ ‘തീവ്രവാദ വിരുദ്ധ നടപടി’യെന്ന പേരില്‍ സൈനികാക്രമണങ്ങള്‍ നടത്തുന്നുണ്ട്. തലസ്ഥാനമായ കീവില്‍ അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറിനെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഈ പ്രവിശ്യകള്‍ മേയ് 11-ന് നടന്ന ഹിതപരിശോധനകളെ തുടര്‍ന്ന്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കീവ് സൈനിക നടപടി ശക്തമാക്കി. വിമതരും കടുത്ത പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്.  

 

അതിനിടെ, ലുഗാന്‍സ്ക്, ഡോനെറ്റ്സ്ക് പ്രവിശ്യകളില്‍ നിന്ന്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 1000 തീവണ്ടി ടിക്കറ്റുകള്‍ അധികൃതര്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടുതലും വിദ്യാര്‍ഥികളാണ് ഈ മേഖലയില്‍ ഉള്ളത്. രണ്ട് പ്രവിശ്യകളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പൗരര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.