അഫ്ഗാനിസ്ഥാനില്‍ നിന്ന്‍ 2014 അവസാനം നിശ്ചയിച്ചിരിക്കുന്ന യു.എസ് സൈനികരുടെ പിന്മാറ്റത്തിന് ശേഷവും 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. 2017-ല്‍ താന്‍ അധികാരമൊഴിയുന്നതോടെ മാത്രമേ മുഴുവന്‍ സൈനികരേയും പിന്‍വലിക്കുകയുള്ളൂവെന്നാണ് ചൊവ്വാഴ്ച ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ വ്യക്തമാക്കിയത്.
യു.എസ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഉഭയകക്ഷി സുരക്ഷാ കരാറില്‍ അടുത്ത അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഒപ്പിടുകയാണെങ്കില്‍ 2016 വരെ 9,800 സൈനികരെ നിലനിര്‍ത്തുമെന്നാണ് അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ ഒബാമ അറിയിച്ചത്. ജൂണില്‍ നടക്കുന്ന അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികളും സുരക്ഷാ കരാറിനെ അനുകൂലിക്കുന്നവരാണ്. അഫ്ഗാന്‍ ഗോത്രസഭയായ ലോയ ജിര്‍ഗയും കരാറിന് സമ്മതം നല്‍കിയിട്ടുണ്ട്.
2011 സെപ്തംബറില്‍ യു.എസിലെ ലോക വ്യാപാര കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന്‍ അഫ്ഗാനിലെ അന്നത്തെ താലിബാന്‍ സര്‍ക്കാറിനെതിരെ ആരംഭിച്ച യുദ്ധം മുതല്‍ യു.എസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. 33,500 യു.എസ് സൈനികരടക്കം 51,000 നാറ്റോ സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്ന്‍ യു.എസ് സൈനികരെ പിന്‍വലിക്കുമെന്നത് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.