ഉക്രൈയിന് അതിര്‍ത്തിയില്‍ നിന്ന് റഷ്യ ഉടന്‍ തന്നെ സൈന്യത്തെ നീക്കം ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റെ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രിമിയന്‍ വിഷയത്തില്‍ നിലവിലെ നിലപാടുമായ് റഷ്യ മുന്നോട്ട് പോകുകയാണെങ്കില്‍ ചുമത്തിയ ഉപരോധം ശക്തിപ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ വെല്ലുവിളിച്ചിരുന്നു. ആദ്യമായാണ് ഒബാമയും പുടിനും തമ്മില്‍ ഈ വിഷയത്തെപ്പറ്റി നേരിട്ടൊരു സംഭാഷണം ഉണ്ടാകുന്നത്.
ക്രിമിയയെ റഷ്യയോട് ചേര്‍ക്കുന്നതിന് നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് കാണിച്ച് യു.എന്‍ പൊതുസഭ കഴിഞ്ഞ ദിവസം പ്രമേയം പസാക്കിയിരുന്നു. പ്രമേയത്തെ നൂറിലേറെ രാജ്യങ്ങള്‍ അനുകൂലിച്ചു. മാര്‍ച്ച് 16-ന് റഷ്യ നടത്തിയ ഹിതപരിശോധന അനധികൃതമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രമേയം. ഐ.എം.എഫില്‍ നിന്ന് വന്‍തുക ഉക്രൈയ്ന് വായ്പ ലഭിച്ചതിന് പിന്നാലെയാണ് യു.എന്‍ പ്രമേയം പാസാക്കിയത്.അതിനിടെ ക്രിമിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ചൊല്ലി ഉക്രൈനില്‍ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.