ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ 46 മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്ന തിക്രിതിലെ ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച ബോംബ് സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത ഒരു നഴ്സിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഹേലിക്കോപ്റ്ററില്‍ നിന്ന്‍ ആശുപതി വളപ്പിലേക്ക് ബോംബിടുകയായിരുന്നുവെന്ന് നഴ്സ് പറഞ്ഞു. തീവ്രവാദികള്‍ ആക്രമണം ശക്തിപ്പെടുത്തുന്നതായ വാര്‍ത്തകള്‍ക്കിടയില്‍ നടന്ന ആക്രമണം അവശേഷിച്ച മന:സമാധാനം കൂടി ഇല്ലാതാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തിന്റെ 150 മീറ്റര്‍ അകലെയാണ് ബോംബ് വീണതെന്ന് അവര്‍ അറിയിച്ചു.
മലയാളി കൂടിയായ ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് കുമാറിനെ ബന്ധപ്പെട്ടതായി നഴ്സ് അറിയിച്ചു. ഉടന്‍ എന്തെങ്കിലും ചെയ്യാമെന്നും ഇറാഖിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ഒരു കപ്പല്‍ കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും സ്ഥാനപതി അറിയിച്ചതായി നഴ്സ് പറഞ്ഞു.
എന്നാല്‍, അജയ് കുമാര്‍ നഴ്സുമാരുമായി സംസാരിച്ചതായും എന്നാല്‍ ആശുപത്രി വളപ്പില്‍ സ്ഫോടനം നടന്നിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഇറാഖിലെ ഇന്ത്യാക്കാര്‍ക്കായി മൂന്ന്‍ ക്യാമ്പുകള്‍ തുടങ്ങുമെന്നും ഇതിനായി ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു.
സുന്നി തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിന്റെ നിയന്ത്രണത്തിലാണ് തിക്രിത്. ജൂണ്‍ ആദ്യം മുതല്‍ ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ ആക്രമണം ശക്തമാക്കിയ ഐ.എസ്.ഐ.എസ് ആദ്യം നിയന്ത്രണം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഒന്നാണ് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ജന്മദേശമായ തിക്രിത്.
കഴിഞ്ഞ രണ്ടാഴ്ചയായി 46 മലയാളി നഴ്സുമാര്‍ തിക്രിതില്‍ കുടുങ്ങിയിരിക്കുകയാണ്. 35 പേര്‍ ഏതുസമയവും തിരികെ പോകാന്‍ തയ്യാറായിരിക്കുകയാണ്. തലസ്ഥാനമായ ബാഗ്ദാദിലേക്ക് തിക്രിതില്‍ നിന്ന്‍ രണ്ട് മണിക്കൂര്‍ സഞ്ചരിച്ചെത്താവുന്ന ദൂരമേയുള്ളൂ. എന്നാല്‍, 11 പേര്‍ ഇറാഖില്‍ തുടരാനാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല.