Skip to main content
ദില്ലി ഘട്ട്

suresh s.യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


അരവിന്ദ് കേജ്രിവാളിന്റേയും സഹപ്രവര്‍ത്തകരുടേയും രാഷ്ട്രീയത്തിലെ ഹരിശ്രീ അഴിമതിക്കെതിരെയുള്ള ശ്രദ്ധേയമായ തെരുവുസമരങ്ങളിലൂടെ ആയിരുന്നു. എന്നാല്‍, അതേ അനായാസതയില്‍ ഭരണം കൈകാര്യം ചെയ്യുന്നതില്‍ കേജ്രിവാളും പല മന്ത്രിമാരും ബുദ്ധിമുട്ടിയിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഡെല്‍ഹിയിലെ കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) മന്ത്രിസഭ 49-ാം ദിവസം തകര്‍ന്നതില്‍ അതിശയത്തിന് ഇടയില്ല. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളികള്‍ ആയിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള രൂപീകരണത്തില്‍ തന്നെ ന്യൂനപക്ഷ എ.എ.പി സര്‍ക്കാറിന്റെ തകര്‍ച്ചയുടെ വിത്തുകളുണ്ടായിരുന്നു.

arvind kejriwal

 

ജന ലോക്പാല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാര്‍ വീണതിന് പിന്നാലെ തന്നെ അത് രാജ്യത്തെ രാഷ്ട്രീയ അരങ്ങില്‍ ആവേശവും പ്രതീക്ഷയും ഉണര്‍ത്തിയ സര്‍ക്കാറിന്റെ രക്തസാക്ഷിത്വമായി അവതരിപ്പിക്കുകയായിരുന്നു എ.എ.പി നേതാക്കള്‍ ചെയ്തത്. എന്നാല്‍, ഇത് ഒരു തര്‍ക്കവിഷയമായി മാറിയിരിക്കുകയാണ്. ഇത് ശരിക്കും രക്തസാക്ഷിത്വം തന്നെയോ അതോ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ കുറേക്കൂടി വലിയ ഇടം സ്വന്തമാക്കാനുള്ള സൂക്ഷ്മമായ ഒരു പദ്ധതിയുടെ ഭാഗമോ എന്നതാണ് ചോദ്യം.

 

നിയമസഭയില്‍ ജന ലോക്പാല്‍ ബില്‍ കൊണ്ടുവന്നതില്‍ എ.എ.പി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ മന:പൂര്‍വ്വം ലംഘിക്കുകയായിരുന്നു എന്നതില്‍ സംശയമില്ല. ബില്‍ പാസാക്കുന്നത് പോയിട്ട് അവതരണം എന്ന ആദ്യ കടമ്പ പോലും ബില്‍ കടക്കില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍, തന്റെ സര്‍ക്കാറിന്റെ മരണ വാറന്റില്‍ ഒപ്പിടാന്‍ പറ്റിയ ഒരു അവസരം അല്ലെങ്കില്‍ ഒഴികഴിവ് തേടുകയായിരുന്നു കേജ്രിവാള്‍. അഴിമതി വിരുദ്ധ ബില്ലാകുമ്പോള്‍ മാന്യമായി പുറത്തുപോകാമെന്ന് മാത്രമല്ല, അഴിമതിയെ ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ആത്മാര്‍ഥത ഇല്ലെന്ന പ്രചാരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യാം എന്ന പ്രയോജനവുമുണ്ട്.

 

ഇരു കൂട്ടരും പരസ്പരം വെച്ചുപുലര്‍ത്തിയിരുന്ന വിമുഖതയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള എ.എ.പിയുടെ സര്‍ക്കാര്‍ രൂപീകരണം പലര്‍ക്കും ആശ്ചര്യജനകം തന്നെയായിരുന്നു. സര്‍ക്കാറിന്റെ ആയുസ്സിനെ കുറിച്ച് അവരെല്ലാം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എ.എ.പി സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ എടുത്തതോടെ അസുഖകരവും പ്രക്ഷുബ്ധവുമായ ഈ ബന്ധത്തിന് പിന്തുണ പിന്‍വലിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമിടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് പിന്തുണ അവസാനിപ്പിക്കാനായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടു മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് പെട്ടെന്ന് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക പ്രയാസകരമായിരിക്കും എന്നതുതന്നെ കാരണം. പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാനുള്ള സമയം കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. അപ്പോഴേക്കും എ.എ.പിയിലെ ആന്തരിക വൈരുധ്യങ്ങള്‍ തന്നെ കേജ്രിവാള്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നും കോണ്‍ഗ്രസ് കരുതി. തികച്ചും അപ്രായോഗികമായ ചില വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയാതെ അതിനകം എ.എ.പിയുടെ ജനകീയതയും ജനപിന്തുണയും ജനങ്ങളുടെ ഇടയിലുള്ള സഹാനുഭൂതിയും നഷ്ടപ്പെടുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി.

 

പ്രകൃതിവാതക വിലനിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി, മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്റ, വ്യവസായി മുകേഷ് അംബാനി എന്നിവര്‍ക്കെതിരെ എ.എ.പി സര്‍ക്കാര്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയ്യാറാക്കിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരുന്നത് അത് കേജ്രിവാളിനു രക്തസാക്ഷി പരിവേഷം നല്‍കും എന്ന കാരണത്താലാണ്. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്ത് ഉള്‍പ്പെടെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനവുമായി ബന്ധപ്പട്ടവര്‍ക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ അഴിമതി വിരുദ്ധ ബ്യൂറോയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോഴും പിന്തുണ പിന്‍വലിക്കാതെ പ്രതികരണം വാക്കുകളില്‍ ഒതുക്കിയതും ഇതേ കാരണത്താല്‍ തന്നെ. മാത്രവുമല്ല, ബി.ജെ.പി നേതാവ് നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനമോഹത്തെ തകര്‍ക്കാനുള്ള നല്ലൊരു ഉപാധി എന്ന നിലയില്‍ എ.എ.പി സര്‍ക്കാറിന്റെ തല്‍ക്കാലത്തെ നിലനില്‍പ്പില്‍ ഒരു സ്വാര്‍ത്ഥതാല്‍പ്പര്യവും കോണ്‍ഗ്രസിന് ഉണ്ടായിരുന്നു.

 

എന്നാല്‍, കേജ്രിവാളിന്റെ നീക്കം ഇപ്പോള്‍ ഏറ്റവും ദോഷകരമായിരിക്കുന്നത് കോണ്‍ഗ്രസിന് തന്നെ. രക്തസാക്ഷി പരിവേഷം സൃഷ്ടിക്കുന്നതില്‍ ഒരു പരിധി വരെ കേജ്രിവാള്‍ വിജയിച്ചു. ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ പ്രചരണം നടത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ കേജ്രിവാള്‍ സ്വീകരിച്ചത് രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാനാണ്. ഒന്ന്‍. ഉത്തരവാദിത്വങ്ങളില്‍ നിന്ന്‍ ഒളിച്ചോടുന്ന സമീപനം എ.എ.പിയ്ക്കില്ല എന്ന്‍ കാണിക്കുക. രണ്ട്, ഏറ്റവും ചുരുങ്ങിയ സമയത്തിലും വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും എന്ന്‍ തെളിയിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടിയ്ക്ക് സമയം ആവശ്യമാണെന്നിരിക്കെ സര്‍ക്കാറിനെ എത്രയും പെട്ടെന്ന് ത്യജിക്കാന്‍ എ.എ.പിയും തയ്യാറായിരുന്നു. ഈ ലക്ഷ്യങ്ങള്‍ക്ക് ഒരു താങ്ങായി മാറി ജന ലോക്പാല്‍ ബില്‍.  

 

എല്ലാ കുടുംബത്തിനും ദിവസവും 700 ലിറ്റര്‍ സൗജന്യ ജലവിതരണം, വൈദ്യുതി നിരക്കുകളില്‍ ഇളവ്, പാര്‍ട്ടിയുടെ ആഹ്വാനമനുസരിച്ച് വൈദ്യുത ബില്‍ അടക്കാത്തവരുടെ പിഴ ഒഴിവാക്കല്‍, വൈദ്യുത വിതരണ കമ്പനികളുടെ ആഡിറ്റ് നടത്താന്‍ ഉത്തരവ് തുടങ്ങി ഒട്ടേറെ ജനപ്രിയ നടപടികള്‍ അഴിച്ചുവിടുക തന്നെയായിരുന്നു ഇക്കാലയളവില്‍ എ.എ.പി സര്‍ക്കാര്‍. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നിലപാടിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേ, ഡെല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ ധര്‍ണ്ണ നടത്തുകയും ‘കോണ്‍ഗ്രസ് എജന്റ്’ എന്നാക്ഷേപിച്ച് ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി പരസ്യ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു, കേജ്രിവാള്‍.

 

ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക എ.എ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധി, കപില്‍ സിബല്‍ അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലങ്ങള്‍ ഈ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുന്നു. കേജ്രിവാള്‍ സ്വയം നരേന്ദ്ര മോഡിയ്ക്കെതിരെ മത്സരിക്കുമെന്നും സൂചനകളുണ്ട്. എന്തായാലും, കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ ദേശവ്യാപക പ്രചാരണത്തിന് വേണ്ടുവോളം സമയം ഇപ്പോള്‍ കേജ്രിവാളിനു മുന്നിലുണ്ട്.

 

എന്നാല്‍, തങ്ങള്‍ക്ക് കേജ്രിവാള്‍ അസ്വസ്ഥതയൊന്നും ഉണ്ടാക്കില്ലെന്ന വാദത്തിലാണ് ബി.ജെ.പി. “ദു:സ്വപ്നം അവസാനിച്ചിരിക്കുന്നു. ഡല്‍ഹി കണ്ട ഏറ്റവും മോശം സംസ്ഥാന സര്‍ക്കാര്‍ രാജിവെച്ചിരിക്കുന്നു” എന്നായിരുന്നു ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം. ‘രാഷ്ട്രീയ കൌശലവും നിഷ്ക്രിയ ഭരണ’വുമാണ് എ.എ.പിയുടെ ആപ്തവാക്യമെന്ന് തോന്നുന്നതായും ജെയ്റ്റ്ലി പരിഹസിച്ചു. പരിപാടിയോ പ്രത്യയശാസ്ത്രമോ ഇല്ലാത്ത, ജനപ്രിയതയ്ക്കും ജനവികാരത്തിന്റെ മുതലെടുപ്പിനും മാത്രം പ്രതിജ്ഞാബദ്ധമായ സര്‍ക്കാറായിരുന്നു ഇതെന്നും ജെയ്റ്റ്ലി ആരോപിച്ചു. ഡല്‍ഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയിരുന്നിട്ടും ഒരു ‘നാണവുമില്ലാതെ’ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ എ.എ.പി ഒരു പ്രശ്നവുമില്ലായിരുന്നുവെന്ന് ജെയ്റ്റ്ലി ഓര്‍മിപ്പിക്കുന്നു. 70 അംഗ നിയമസഭയില്‍ 28 അംഗങ്ങള്‍ മാത്രമുള്ള എ.എ.പിയ്ക്ക് ഭരണത്തിന് ജനങ്ങളുടെ അനുമതിയുണ്ടെന്ന് എങ്ങനെ പറയാന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പരിചയ സമ്പത്തില്ലാത്തവരും പക്വതക്കുറവുള്ളവരുമാണ് എ.എ.പി എം.എല്‍.എമാരില്‍ അധികമെന്നും ജെയ്റ്റ്ലി ആരോപിക്കുന്നു. “തങ്ങള്‍ക്ക് പരിചയമുള്ള പ്രക്ഷോഭരീതിയ്ക്ക് യോജിച്ച വിഷയങ്ങളാണ് ഭരണത്തിലും പാര്‍ട്ടി തുടര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കെതിരെ, ലെഫ്റ്റ. ഗവര്‍ണര്‍ക്കെതിരെ, പോലീസ് കമ്മീഷണര്‍ക്കെതിരെ, ആഫ്രിക്കന്‍ വനിതകള്‍ക്കെതിരെയല്ലാം ഇവര്‍ സമരം ചെയ്തു. അസത്യങ്ങള്‍ കെട്ടിച്ചമയ്ക്കുകയും കല്‍പ്പിത ശത്രുക്കളെ നിര്‍മ്മിക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്. തങ്ങളുടെ നേതാക്കള്‍ മാത്രമാണ് സത്യാസന്ധരെന്നും മറ്റെല്ലാവരും ഒത്തുതീര്‍പ്പിന് വിധേയരായവരുമാണെന്ന ധാര്‍ഷ്ട്യമാണ് ഇവര്‍ പ്രകടിപ്പിച്ചത്.” ജെയ്റ്റ്ലി വിശദീകരിച്ചു.  

 

ജനപിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് പുറത്തേക്കുള്ള വഴി എ.എ.പി സ്വയം വെട്ടിയതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. കളിമണ്‍ പാത്രങ്ങള്‍ക്കിടയിലെ കാളക്കൂറ്റന്മാരെപ്പോലെയാണ് തങ്ങളുടെ നേതാക്കളെന്ന് എ.എ.പി തിരിച്ചറിഞ്ഞതായും ജെയ്റ്റ്ലി. “അവര്‍ കൂടുതല്‍ യോജിക്കുക തെരുവിലാണ്. ഒരു ബദല്‍ രാഷ്ട്രീയം രൂപപ്പെട്ടു വരണമെന്ന് ആഗ്രഹിച്ചവരുടെ പ്രതീക്ഷകളെ അനാദരിക്കുകയായിരുന്നു എ.എ.പി. ജനപ്രിയതയും ജനവികരങ്ങളുടെ മുതലെടുപ്പും അസത്യവുമാണ് അവരുടെ ബദല്‍ രാഷ്ട്രീയം, ഭരണമല്ല.”

 

എ.എ.പി അധികാരം നേടുന്നതിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയല്ല, ഇന്ത്യയെ അഴിമതി മുക്തമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും മുതിര്‍ന്ന എ.എ.പി നേതാവ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിക്കുന്നു. ജന ലോക്പാല്‍ ബില്‍ പാസാക്കുകയെന്നത് എ.എ.പി സര്‍ക്കാറിന്റെ ആദ്യ പരിഗണന ആയിരുന്നുവെന്ന് ഭൂഷണ്‍ പറഞ്ഞു. അതിന് തങ്ങളെ അനുവദിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറില്‍ നിന്ന്‍ പുറത്ത് വരികയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 

ഇരുതല മൂര്‍ച്ചയുള്ള വാളാണ് കേജ്രിവാളിന്റെ രാജി ഇപ്പോള്‍. പാര്‍ട്ടി ഒന്നുകില്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും അല്ലെങ്കില്‍ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തത്വാധിഷ്ഠിതമായ രാജി പാര്‍ട്ടിയ്ക്ക് പ്രോത്സാഹനമാകുമെന്ന് തന്നെയാണ് എ.എ.പി കരുതുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് പ്രകമ്പനത്തോടെയുള്ള ഒരു മാറ്റമാണ് ഇതുവഴി കേജ്രിവാള്‍ നല്‍കിയിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു. ഇന്ത്യന്‍ ജനായത്തത്തിന്റെ സത്തയും നാടകീയതയും ഒരേപോലെ തെളിഞ്ഞുവരികയാണിവിടെ. എ.എ.പി ഒട്ടേറെ പേരെ നിരാശരാക്കിയിരിക്കാം. എന്നാല്‍, ചോദ്യം ബി.ജെ.പിയിലും കോണ്‍ഗ്രസിലും ജനങ്ങള്‍ ശരിക്കും സന്തുഷ്ടരാണോ എന്നുള്ളതാണ്.        

Tags