ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കുര്യന്‍ജോസഫ് വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായിരുന്നു. ആന്ധ്ര ചീഫ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷും സത്യപ്രതിജ്ഞ ചെയ്തു.
2000ത്തില്‍ കേരള ഹൈക്കോടതി ജഡ്ജിയായ ആലുവ സ്വദേശി കുര്യന്‍ ജോസഫ് ഹൈക്കോടതിയില്‍ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 ഫെബ്രുവരിയിലാണ് ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായത്. കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയര്‍മാന്‍, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളാ ബ്രാഞ്ച് ചെയര്‍മാന്‍, ഇന്ത്യന്‍ ലോ റിപ്പോര്‍ട്ട്സ് കേരള സിരീസ് ചെയര്‍മാന്‍, നുവാല്‍സ് എക്സിക്യൂട്ടിവ് മെംബര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, യൂനിയന്‍ ജനറല്‍ സെക്രട്ടറി, കൊച്ചിന്‍ സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1994 മുതല്‍ 1996 വരെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്നു.