Skip to main content

സി. പി.എം വർഗ്ഗീയക്കളി പുത്തൻ ദിശയിലേക്ക്

Pinarai Vijayan

 

P V Anwar

കേരളത്തിൽ ദശാബ്ദങ്ങളായി രാഷ്ട്രീയ പാർട്ടികൾ വർഗ്ഗീയത കളിച്ചു കൊണ്ടിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും. അടുത്ത കാലത്തായി സി.പി.എം മുസ്ലീം സമുദായത്തെ കൂടെ നിർത്തി അവരുടെ വോട്ടു നേടുന്നതിനായി മതേതരത്വത്തെ മറയാക്കി വർഗ്ഗീയം കളിക്കുകയായിരുന്നു. 2021 ൽ പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയത് ഈ വർഗ്ഗീയ പ്രീണന രാഷ്ട്രീയമായിരുന്നു. മുസ്ലീം സംഘടനകളും നേതാക്കളുമൊക്കെ ഹിന്ദുത്വ വർഗ്ഗീയതയെ നേരിടാനുള്ള ശക്തമായ മുഖമായി പിണറായിയെയും സി പി എമ്മിനെയും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ കേരളത്തിലെ മുഖ്യമായ ഒരു ടെലിവിഷൻ പരസ്യം പേശീബലം കൊണ്ട് മുസ്ലീങ്ങളെ ഹിന്ദുത്വവാദികളിൽ നിന്ന് രക്ഷിക്കുന്നത് ചിത്രീകരിക്കുന്നതായിരുന്നു.
      പാർലമെണ്ട് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ദയനീയ പരാജയം നേരിട്ടു വെന്ന് മാത്രമല്ല, ആ സമീപനം തിരിച്ചടിയാവുകയും ചെയ്തു. പ്രകടമാകുന്ന വിധം ഹിന്ദു വോട്ടുകൾ വിശേഷിച്ചും ഈഴവസമുദായത്തിൻ്റേത് ബി.ജെ.പിയുടെ വോട്ടു ശതമാനം വർധിപ്പിച്ചു. ഇത് സി.പി.എമ്മിൻ്റെ കണക്കുകൂട്ടലിനെ തെറ്റിച്ചു. 
          ഈ തിരിച്ചടി ഏൽക്കുന്നതിനു സമാന്തരമായിട്ടാണ് മുഖ്യമന്ത്രിയുടെ മകൾക്കും കരുവന്നൂർ സഹകരണബാങ്കു കേസ്സിൽ സി.പി.എം നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം തുടങ്ങിയത്. ഇതിനെ ഏതു വിധേനയും നിർവീര്യമാക്കുക പാർട്ടിയുടെയും ആവശ്യമായി. ഈ സാഹചര്യം ബി.ജെ.പി നേതൃത്വവുമായി ഒത്തു തീർപ്പുകളുണ്ടാക്കുന്നതിന് മുഖ്യമന്ത്രിക്ക് അനുകൂലമായ സാഹചര്യവും ഒരുക്കി. ഈ പശ്ചാത്തലത്തിൽ വേണം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതുൾപ്പടെയുള്ള എല്ലാ കേന്ദ്ര ഏജൻസികളുടെയും അന്വേഷണഗതിയെ കാണേണ്ടത്. 
          കേരളത്തിൽ കോൺഗ്രസ്സിനെ നിർവീര്യമാക്കി നേട്ടം കെയ്യുക എന്ന സമീപനമാണ് രാഷ്ട്രീയമായ നേട്ടത്തിന് ബി. ജെ.പി ശ്രമിക്കുന്നത്.  അത് സി.പി.എം അധികാരത്തിൽ തുടരുന്നതും വ്യക്തിപരമായി കേന്ദ്രത്തിൻ്റെ ഔദ്യോഗിക ഔദാര്യം ആവശ്യമുള്ള മുഖ്യമന്ത്രി കൂടിയാകുമ്പോൾ ബി.ജെ.പിയുടെ ലക്ഷ്യപ്രാപ്തി അനായാസവും വേഗവുമാകുന്നു. തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് കന്നി ലോകസഭാംഗത്തെ നേടാനായതിലും ഈ നയം പ്രയോജനപ്പെട്ടിട്ടുണ്ട്
     ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിലാണ് എ.ഡി.ജി.പി അജിത് കുമാറിൻ്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പി.വി. അൻവർ എം.എൽ എയുടെ ആരോപണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും കാണേണ്ടത്.  അൻവറിൻ്റെ അനവസരത്തിലെ പൊട്ടിത്തെറി മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി. അൻവറിനെ നേരിടുന്നതിനു വേണ്ടിയാണ് പി.ആർ. ഏജൻസിയിലൂടെ മുഖ്യമന്ത്രിയുടെ അഭിമുഖം ദില്ലിയിൽ വച്ച് ഹിന്ദു പത്രത്തിനു വേണ്ടി ഒരുക്കിയത്. അത് തിരിച്ചടിയായപ്പോൾ പതിവുപോലെ പത്രത്തെ പഴിചാരിക്കൊണ്ട് പത്രത്തിനു നൽകിയ കത്ത് കള്ളി പുറത്താക്കി. അഭിമുഖം നടത്തണമെന്ന് തങ്ങളെ സമീപിച്ച പി ആർ ഏജൻസി പറഞ്ഞതനുസരിച്ചാണ് കരിപ്പൂർ വിമാനത്താവളത്തിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടയുന്നതെന്ന ഭാഗം തങ്ങൾ ചേർത്തതെന്നും അതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടും പത്രം വിശദീകരണം നൽകിയത്. 
           മഖ്യമന്ത്രി മലപ്പുറത്തെ മുഴുവൻ അപകീർത്തിപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാനാകാതെ മുഖ്യമന്ത്രിയും മുന്നണിയും കുഴയുന്നു. അൻവറിൻ്റെ ആക്രമണമാണ് ഈ അവസ്ഥയിലൂടെ ശക്തി പ്രാപിക്കുന്നത്. അൻവറിൻ്റെ ആരോപണങ്ങളുടെയും ആക്രമണങ്ങളുടെയും അന്തർധാരയും വർഗ്ഗീയത തന്നെയാണ്. സി. പി.എമ്മും ആർ.എസ്. എസ്സും തമ്മിൽ രഹസ്യ ബാന്ധവം ഉണ്ടെന്നുള്ള ധാരണ ഇതിലൂടെ ശക്തി പ്രാപിച്ചു. ഇതിനെ പ്രതിരോധിച്ചു കൊണ്ട് അൻവറിനെ നേരിടുമ്പോൾ കേരളത്തിൽ ഉരുത്തുരിയുന്ന രാഷ്ട്രീയത്തിൽ നേട്ടം കൊയ്യുക ബി ജെ പി യാണോ പ്രതിപക്ഷമാണോ എന്നുള്ളതാണ് വരും നാളുകളിൽ കാണാൻ പോകുന്നത്.

Ad Image