ശാന്തി രവി ശാന്തന്‍പാറയിലെ മെമ്പറായിരുന്നു, ഇപ്പോഴും

Aiswaryamol Ravi
Sun, 29-11-2020 04:15:30 PM ;

Santhi Ravi

ഏലത്തോട്ടത്തില്‍ പണിയ്ക്ക് പോകുന്നതിനിടയില്‍ ആരെങ്കിലും മെമ്പറെയെന്ന് വിളിച്ച് കേള്‍ക്കുന്നത് ശാന്തി രവിക്ക് അഭിമാനമാണ്. 2010 മുതല്‍ 2015 വരെ ശാന്തന്‍പാറ 9-ാം വാര്‍ഡിലെ മെമ്പറായിരുന്നു ശാന്തി രവി. 2010ലെ പഞ്ചായത്ത് ഇലക്ഷനില്‍ 9-ാം വാര്‍ഡില്‍ എസ്.സി വനിതാ സംവരണം വന്നപ്പോള്‍ വളരെ യാദൃശ്ചികമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ചുറ്റുപാടുമുള്ള ജീവിതങ്ങള്‍ നിരീക്ഷിച്ച് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയാണ് പ്രവര്‍ത്തിച്ചത്. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ വാര്‍ഡില്‍ ഇല്ലാതിരുന്ന സമയത്താണ് ശാന്തി രവി ഇവിടെ നിന്ന് വാര്‍ഡ് മെമ്പറായി മല്‍സരിച്ച് ജയിക്കുന്നത്. ഇപ്പോള്‍ ആ അഞ്ച് വര്‍ഷത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ശാന്തന്‍പാറ 9-ാം വാര്‍ഡിലെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പ്രാവര്‍ത്തികമാക്കി എന്ന് അഭിമാനത്തോടെ തന്നെ പറയാന്‍ സാധിക്കും. 

ശാന്തി രവി മല്‍സരിച്ച സമയത്തെ പോസ്റ്റര്‍(ഇടത്), ശാന്തി രവി ഇപ്പോള്‍ (വലത്)

 

ഇപ്പോഴും ഏലത്തോട്ടത്തില്‍ പണിയാന്‍ പോയി തന്നെയാണ് ജീവിതം പുലര്‍ത്തുന്നത്. ഇതിലൂടെ വളരെ വലിയ സന്ദേശമാണ് ശാന്തി രവി ലോകത്തിന് നല്‍കുന്നത്. തനിക്ക് കിട്ടിയ അവസരം സ്വകാര്യ സ്വത്ത് സമ്പാദനത്തിനോ മറ്റും ഉപയോഗിക്കാതെ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ പൊതുപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സ്വന്തം ജീവിതം പുലര്‍ത്താന്‍ അധ്വാനിച്ച് തന്നെയാണ് ജീവിച്ചതും ഇപ്പോള്‍ ജീവിക്കുന്നതും.  

കുടുംബശ്രീയിലെ സജീവ പ്രവര്‍ത്തക ആയിരുന്നു ശാന്തി രവി. അതിനാല്‍ തന്നെ ശാന്തന്‍പാറ പഞ്ചായത്തിലെ എല്ലാവര്‍ക്കും ഇവര്‍ സുപരിചിതയാണ്. തിരഞ്ഞെടുപ്പില്‍ ശാന്തി രവിക്ക് എതിരായി മല്‍സരിച്ചത് അവരുടെ സഹോദരന്റെ ഭാര്യയായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ പ്രവര്‍ത്തിയ്ക്കാന്‍ സാധിച്ചു എന്നതിനാല്‍ വളരെ സന്തോഷത്തോടെ തന്നെയാണ് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ താല്‍ക്കാലികമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഇപ്പോഴും പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ക്കിടയിലുള്ള സ്വീകാര്യതയും സ്‌നേഹവും വളരെ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ് എന്ന് ശാന്തി രവി പറയുന്നു.

Tags: