പുരുഷന് അപകടം സംഭവിച്ചതിന്റെ പിറ്റേന്ന് എം.എം മണി വന്നപ്പോള്‍

Glint desk
Mon, 23-11-2020 11:45:45 AM ;

നവംബര്‍ 21ന് ഇടുക്കി ജില്ല ശാന്തന്‍പാറ പഞ്ചായത്ത് 10-ാം വാര്‍ഡിലെ 56 വയസ്സുകാരനായ പുരുഷന്റെ മൂന്ന് കൈവിരലുകള്‍ അറ്റ് പോകുന്ന അവസ്ഥയിലെത്തി. തടി മില്ലിലെ ജോലിക്കിടയില്‍ പ്ലേനര്‍ കയറിയാണ് വിരലുകള്‍ അറ്റ് പേകാറായത്. നിലയ്ക്കാത്ത രക്ത പ്രവാഹം ഉണ്ടായി. പുരുഷനെ ആദ്യം രാജകുമാരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത് എന്നാല്‍ സര്‍ജറിക്കുള്ള സൗകര്യം ഇല്ലാത്തതിനാല്‍ അവിടെ പ്രവേശിപ്പിച്ചില്ല. പിന്നീട് ശാന്തന്‍പാറയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.  അവിടെയും സര്‍ജന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം ഉണ്ടായി പ്രാഥമിക ശുശ്രൂഷ ലഭിക്കാതെ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കോതമംഗലം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിസ്സഹായരായി. പുരുഷന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ മാത്രമെ വിരലുകള്‍ പൂര്‍വസ്ഥിതിയിലാവുകയുള്ളൂ. തടിപ്പണിക്കാരനായ പുരുഷന്റെ ജീവിതവും അപകടം സംഭവിച്ച വിരലുകള്‍ക്കൊപ്പം ഇവിടെ ചോദ്യചിഹ്നമാവുന്നു. ശാന്തന്‍പാറയിലെ ഏറ്റവും അടിയന്തിര ആവശ്യം പ്രാഥമികമായി ചികില്‍സ ലഭിക്കാനുള്ള ഒരു ആശുപത്രിയാണ്. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ശാന്തന്‍പാറ പഞ്ചായത്തില്‍ ഉണ്ടെങ്കില്‍ പോലും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ ഇല്ല. ഇവിടെ പ്രാഥമിക ശുശ്രൂഷകള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കില്‍ പുരുഷന്റെ വിരലുകള്‍ക്ക് ഒപ്പം ജീവിതവും അദ്ദേഹത്തിന് തിരിച്ചു കിട്ടുമായിരുന്നു. 

ശാന്തന്‍പാറ പഞ്ചായത്തും മറ്റെവിടെയും പോലെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചു. എന്താണ് ശാന്തന്‍പാറയുടെ ആവശ്യങ്ങള്‍ എന്ന് ഇവിടെ ഉള്ളവരോട് ചോദിച്ചു കഴിഞ്ഞാല്‍ ഈ പഞ്ചായത്തിലെ വോട്ടര്‍മാരില്‍ പലരും എന്തോ ആലോചിച്ചെടുക്കുന്ന നിലയിലാണ്. പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതുപോലെ. വളരെ അധികം അപകടങ്ങള്‍ ഉണ്ടാവുന്ന പ്രദേശം കൂടിയാണിത്. എന്നിട്ടു പോലും സാരമായ ഒരു ഒടിവോ മുറിവോ ഉണ്ടായി കഴിഞ്ഞാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള സൗകര്യം ഇല്ല. എന്ത് സൗകര്യങ്ങളാണ് വേണ്ടത് എന്നുള്ള അവബോധം പോലും പല വോട്ടര്‍മാരിലും കാണുന്നില്ല. നിലവിലുള്ള സാഹചര്യങ്ങളുമായി തങ്ങളുടെ ജീവിതത്തെ ചേര്‍ത്ത് വച്ച് തങ്ങളുടെ അവസ്ഥ ഇതാണെന്ന് മനസ്സിലാക്കി ശാന്തന്‍പാറക്കാര്‍ കഴിഞ്ഞ് പോകുന്നു. ഈ അവസ്ഥ ആയിരിക്കാം തങ്ങളുടെ ജീവിതത്തില്‍ അടിയന്തിരമായി ആവശ്യമുള്ളതിനെ കുറിച്ചുള്ള ബോധ്യം പോലും ഇവിടുത്തുകാരില്‍ നിഴലിക്കാതെ നിര്‍വികാരത പ്രകടമാകുന്നത്. 

ഈ നിര്‍വികാരത യാദൃശ്ചികമായി സംഭവിച്ചതല്ല. പുരുഷന്‍ അപകടം നേരിട്ടതിന്റെ പിറ്റേന്ന് നവംബര്‍ 22ന്  വിദ്യുച്ഛക്തി വകുപ്പ് മന്ത്രി എം.എം മണി ശാന്തന്‍പാറയിലെ തൊട്ടിക്കാനത്ത് പ്രസംഗിക്കാന്‍ എത്തിയിരുന്നു. അവിടെ പ്രസംഗിച്ച പ്രാദേശിക നേതാക്കള്‍ക്ക് ശാന്തന്‍പാറയുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതിനോ അല്ലെങ്കില്‍ അത്തരമൊരു ആവശ്യങ്ങള്‍ തങ്ങളുടെ അവകാശമാണെന്ന് ബോധം വരുത്തുന്ന നിലയിലോ പ്രസംഗങ്ങള്‍ ഉയര്‍ന്ന് കേട്ടില്ല. ഒരു തരത്തിലുള്ള ആവശ്യങ്ങളും മന്ത്രിയോട് ചോദിച്ച് കേട്ടില്ല. എം.എം മണി പ്രസംഗിച്ചതാകട്ടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വട്ടമിട്ട് പറക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെക്കുറിച്ചുമായിരുന്നു. ഒടുവില്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ തങ്ങളുടെ നേതാവിനെ ആവേശത്തോടെ തന്നെ അണികള്‍ യാത്രയാക്കി. പ്രതിപക്ഷത്തിന്റെ പ്രചാരണ യോഗങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്നത് സ്വര്‍ണ്ണക്കടത്തും സ്വപ്‌നയും ലൈഫ് മിഷനുമൊക്കെയാണ്. ഈ രാഷ്ട്രീയ അതിപ്രസരമായിരിക്കാം തങ്ങളുടെ അവകാശങ്ങള്‍ ഓര്‍ക്കുന്നതില്‍ നിന്ന് പോലും ശാന്തന്‍പാറക്കാരെ പിന്തിരിപ്പിക്കുന്നത്. 

Tags: