കാണാതായ ആയുധങ്ങള്‍ എവിടെ?

Glint Desk
Thu, 13-02-2020 05:30:30 PM ;

സംസ്ഥാന പോലീസിനെതിരെ ഗുരുതര പരമാര്‍ശങ്ങളുമായി സി.എ.ജി ബുധനാഴ്ചയാണ് നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ആ റിപ്പോര്‍ട്ടിനെ തള്ളാനോ കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും. ഇനി സര്‍ക്കാരും മുന്നണിയും പോലീസും എത്രകണ്ട് പ്രതിരോധിച്ചാലും 12,061 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്ന കാര്യം ഉറപ്പാണ്. അതല്ലാതെ ശുന്യതയില്‍ നിന്ന് ഇത്തരത്തില്‍ ഗുരുതരമായ ഒരു കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യം സി.എ.ജിക്കില്ല. ഇത് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ മാത്രം കണക്കാണെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ കണക്കെടുപ്പ് നടത്തണമെന്നും സി.എ.ജി നിര്‍ദേശിച്ചിട്ടുണ്ട്.

വെടിയുണ്ടകളും തോക്കുകളും മറ്റായുധങ്ങളുമെല്ലാം പോലീസിന് നല്‍കിയിരിക്കുന്നത് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാണ്. അല്ലാതെ സുരക്ഷിതത്വം ഇല്ലാതാക്കാനല്ല. ഇവിടെ സംഭവിച്ചിരിക്കുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിച്ചിരിക്കുന്നു. സാങ്കേതികമായി സംഭവിച്ച പിഴവാണെന്ന തരത്തില്‍ ഈ സംഭവത്തെ നിസ്സാരവത്കരിക്കാന്‍ ചിലകോണുകളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ട്. സാങ്കേതികമായി സംഭവിച്ച പിഴവാണെങ്കില്‍ എന്തിനാണ് കാണാതായ തിരകള്‍ക്ക് പകരം വ്യാജത്തിരകള്‍ വച്ചിരിക്കുന്നത്. ഈ വ്യാജ ഉണ്ടകള്‍ വച്ച നടപടിയാണ് ഈ സംഭവത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. പോലീസിനകത്ത് നിന്ന് തന്നെയുള്ള ഇടപെടലാണ് ഈ ആയുധങ്ങളുടെ തിരോധാനത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് വ്യാജ തിരകള്‍ വച്ച നടപടി. ഇനിയറിയേണ്ടത് ഇവ ആരുടെ കൈകളിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നതാണ്. എന്തായാലും സമൂഹത്തില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് ആയുധത്തിന്റെ ആവശ്യമില്ല. ആയുധം വേണ്ടത് അക്രമവും അശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കാണ്.

ഇവിടുത്തെ ഏറ്റവും അപകടകരമായ സ്ഥിതി സി.എ.ജി റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിയെ പലകാര്യങ്ങളിലും പ്രതിക്കൂട്ടിലാക്കുന്നു എന്നതാണ്. സാമ്പത്തിക തിരിമറിയും, ഫണ്ട് വകമാറ്റലും, ചട്ടലംഘനവും ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങള്‍. അതും സംസ്ഥാന പോലീസ് മേധാവി എന്ന് എടുത്ത് എടുത്ത് പറഞ്ഞുള്ള പരാമര്‍ശങ്ങള്‍. ഇവ്വിധം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോലീസില്‍ നിന്നാണ് ആയുധങ്ങള്‍ കാണാതെ പോയിരിക്കുന്നത്. ഇവിടെയാണ് ജനത്തിന്റെ സുരക്ഷ തുലാസിലാവുന്നത്. ഡി.ജി.പിയെ നിയന്ത്രിക്കേണ്ട ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാകാട്ടെ ന്യായീകരണം തുടരുകയാണ്. ഈ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്നാഥ് ബെഹ്രയെ മാറ്റുമോ എന്ന ചോദ്യത്തിന് പരിഹാസം കലര്‍ന്ന ചിരിയാണ് അദ്ദേഹം മറുപടിയായി നല്‍കിയത്. എന്ന് വച്ചാല്‍ ഈ ഘട്ടത്തിലും ബെഹ്രയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ല. അങ്ങനെ വരുമ്പോള്‍ ബെഹ്ര നടത്തിയ ഓരോ ക്രമക്കേടുക്കളും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അറിവോട് കൂടിയാണെന്ന് ജനത്തിന് വിശ്വസിക്കേണ്ടി വരും. അല്ലാത്ത പക്ഷം ഒരു സ്വതന്ത്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.

Tags: